കരച്ചില്‍ നിര്‍ത്താനായില്ല, തിരക്കഥ വായിച്ചിട്ട് 20 മിനിറ്റോളം നിര്‍ത്താതെ കരഞ്ഞു.. അതിനൊരു കാരണവുമുണ്ട്: വിക്രാന്ത് മാസി

കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ എത്തിയ വിജയ ചിത്രങ്ങളുടെ മുന്‍നിരയിലുള്ള ചിത്രങ്ങളില്‍ ഒന്നാണ് ’12ത് ഫെയില്‍’. വിക്രാന്ത് മാസി നായകനായ ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി വിധു വിനോദ് ചോപ്ര ഒരുക്കിയ ചിത്രമാണ് 12ത് ഫെയില്‍.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു ഇത്. പ്ലസ് ടുവില്‍ പരാജയപ്പെടുകയും കഠിന പ്രയത്‌നത്തിലൂടെ യു.പി.എസ്.സി പരീക്ഷ വിജയിക്കുകയും ചെയ്ത മനോജ് ശര്‍മ, ശ്രദ്ധാ ജോഷി എന്നിവരുടെ ജീവിതകഥ കൂടിയായിരുന്നു ചിത്രം.

ബോക്‌സ് ഓഫീസില്‍ അപ്രതീക്ഷിത വിജയം നേടിയ ചിത്രം ഒ.ടി.ടിയിലും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ആദ്യമായി വായിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് വിക്രാന്ത് മാസി ഇപ്പോള്‍. 12ത് ഫെയിലിന്റെ തിരക്കഥ ആദ്യമായി വായിച്ചപ്പോള്‍ കരച്ചില്‍ നിര്‍ത്താനായില്ല എന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിക്രാന്ത് മാസി വെളിപ്പെടുത്തിയിരിക്കുന്നത്.

ഏതാണ്ട് 15 മുതല്‍ 20 മിനിറ്റ് വരെ നിര്‍ത്താതെ കരഞ്ഞു. അതിന് കാരണം മുമ്പൊരിക്കലും അതുപോലെ അതിമനോഹരമായൊരു കഥ കണ്ടിട്ടും കേട്ടിട്ടുമില്ലായിരുന്നു. പലപ്പോഴും താന്‍ തന്നെത്തന്നെ ആ കഥയില്‍ കണ്ടു. ഒരുപാട് കാര്യങ്ങള്‍ മനോജിന്റെ ജീവിതത്തില്‍ സംഭവിച്ചു.

Read more

ഇത്രയധികം ബുദ്ധിമുട്ടുകള്‍ക്കിടയിലും ഒരു മനുഷ്യന് ഇത്രയധികം സഹിക്കാന്‍ കഴിയുമെന്നത് ചിലപ്പോഴൊക്കെ അവിശ്വസനീയമാണ്. എത്രയോ കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടും അദ്ദേഹം ജീവിതത്തില്‍ വിജയിച്ചു. അദ്ദേഹം എന്നെ ശരിക്കും പ്രചോദിപ്പിച്ചു എന്നാണ് വിക്രാന്ത് മാസി പറയുന്നത്.