തിയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ജവാൻ വീണ്ടും ചർച്ചകളിലിടം നേടുന്നു. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ വമ്പൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ബോളിവുഡ് കണ്ടു ശീലിച്ച പരമ്പരാഗതമായ സിനിമാ രീതികളിൽ നിന്നും വ്യത്യസ്തമായി സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളെ ജവാൻ കൈകാര്യം ചെയ്തിരുന്നു.
ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജവാൻ ആഗോളതലത്തിലുള്ള അവാർഡ് വേദികളിൽ എത്തിക്കാൻ ആഗ്രഹമുണ്ടെന്ന് അറ്റ്ലീ സംസാരിച്ചത്. അതിനെ പറ്റി ഷാരൂഖിനോട് സംസാരിക്കുമെന്നും അറ്റ്ലീ പറഞ്ഞു.
ചിത്രം ഓസ്‌കര്‍ പോലെയുള്ള വേദികളിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അറ്റ്ലീ മറുപടി പറഞ്ഞത്. “തീർച്ചയായും എല്ലാ കാര്യങ്ങളും ശരിയായി വന്നാൽ അത് നടക്കും. ചിത്രത്തിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ മുതൽ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരും ഓസ്‌കര്‍, ഗോൾഡൻ ഗ്ലോബ്, ദേശീയ പുരസ്ക്കാരം ഇതെല്ലാം മുന്നിൽ കണ്ട് പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് ഓസ്ക്കാറിലേക്ക് ജവാൻ എത്തിക്കാൻ താല്പര്യമുണ്ട്. ഞാൻ ഷാരൂഖ് സാറിനോടും ചോദിക്കും, സാർ, നമ്മുക്ക് ചിത്രം ഓസ്‌കറിന് കൊണ്ടു പോയാലോ എന്ന്.” അറ്റ്ലീ പറഞ്ഞു.
രാജമൗലിയുടെ ആർ. ആർ. ആർ(RRR) കഴിഞ്ഞ വർഷം മികച്ച ഗാനത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കിയത് കൊണ്ടു തന്നെ ജവാൻ ഓസ്ക്കാറിന് അയക്കുമെന്ന അറ്റ്ലീയുടെ വാക്കുകൾ പ്രതീക്ഷയോടെയാണ് ഷാരൂഖ് ആരാധകർ നോക്കിക്കാണുന്നത്.
Read more
ആഗോള കളക്ഷനായി 800 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. കൂടാതെ ഏറ്റവും വേഗത്തിൽ 400 കോടി രൂപ നേടുന്ന ഹിന്ദി ചിത്രം എന്ന റെക്കോർഡും ജവാൻ സ്വന്തമാക്കിയിരുന്നു. പഠാന് ശേഷം ഇന്ത്യൻ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയമാണ് ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലീയുടെയും സൂപ്പർ താരം നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ജവാൻ.