സെന്‍സര്‍ ബോര്‍ഡ് ഉറങ്ങുകയാണോ? ഞങ്ങളുടെ ദൈവങ്ങളെ പരിഹസിക്കുന്നു; അജയ് ദേവ്ഗണ്‍ ചിത്രം നിരോധിക്കണമെന്ന് ഹിന്ദു സമിതി

ബോളിവുഡ് സിനിമ വീണ്ടും വിവാദത്തില്‍ അജയ് ദേവ്ഗണ്‍-സിദ്ധാര്‍ഥ് മല്‍ഹോത്ര ചിത്രം ‘താങ്ക് ഗോഡ്’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ജനജാഗൃതി സമിതി. സംവിധായകന്‍ ഇന്ദ്രകുമാറിനും താരങ്ങള്‍ക്കുമെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സമിതി പരാതി നല്‍കി.

സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മരണാനന്തരം എല്ലാവരുടെയും പാപങ്ങളും പുണ്യങ്ങളും എണ്ണി തിട്ടപ്പെടുത്തുന്ന ചിത്രഗുപ്തനെയും ഒരാളുടെ ആത്മാവിനെ പിടികൂടുന്ന യമനെയും ആധുനിക വേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് കാണാം. ഇതാണ് കര്‍ണാടകയിലെ ഹിന്ദു ജനജാഗൃതി സമിതിയെ ചൊടിപ്പിച്ചത്.

”അഭിനേതാക്കള്‍ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതാണ് ട്രെയ്‌ലറില്‍ കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹിന്ദുമതത്തിലെ ചിത്രഗുപ്തനെയും യമദേവനെയും പരിഹസിക്കുന്നത് ഞങ്ങള്‍ ഒരിക്കലും സഹിക്കില്ല. ഈ ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത് വരെ സെന്‍സര്‍ ബോര്‍ഡ് ഉറങ്ങുകയായിരുന്നോ?” എന്നാണ് ഹിന്ദു ജനജാഗൃതി സമിതി ദേശീയ വക്താവ് രമേഷ് ഷിന്‍ഡെ ചോദിക്കുന്നത്.

Read more

”ഹിന്ദു മത സങ്കല്‍പ്പങ്ങളെയും ദേവതകളെയും പരിഹസിച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമാണിത്. ഈ സിനിമയുടെ ചില രംഗങ്ങളും സംഭാഷണങ്ങളുമാണ് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനേക്കാള്‍ കൂടുതല്‍ ആക്ഷേപകരമായ സംഭാഷണങ്ങളാണ് സിനിമയില്‍ ഉള്ളത്” എന്നും സമിതി ആരോപിക്കുന്നു. ഒക്ടോബര്‍ 25ന് ആണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.