റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 225 കോടി നേട്ടത്തില്‍ എത്തിയിരിക്കുകയാണ് ഹൃത്വിക് റോഷന്‍-ദീപിക പദുക്കോണ്‍ ചിത്രം ‘ഫൈറ്റര്‍’. ഈ സിനിമയ്ക്ക് തന്റെ പ്രതിഫലം 10 കോടി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഹൃത്വിക് റോഷന്‍ ഇപ്പോള്‍. 75 കോടി ആയിരുന്നു ഹൃത്വിക്കിന്റെ പ്രതിഫലം. എന്നാല്‍ 85 കോടിയാണ് ഹൃത്വിക് ഫൈറ്ററിനായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിലെ പ്രതിഫലകണക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 85 കോടിയാണ് ഹൃത്വിക്കിന്റെ പ്രതിഫലം എങ്കില്‍ 20 കോടി മാത്രമാണ് ദീപിക പദുക്കോണിന്റെ പ്രതിഫലം. അനില്‍ കപൂറിന്റെ പ്രതിഫലം 15 കോടിയാണ്. ബാക്കി താരങ്ങളുടെ ഒന്നും പ്രതിഫല കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.
ആദ്യ വാരാന്ത്യത്തില്‍ 118.50 കോടി നേടി ഫൈറ്റര്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം നേടിയിരുന്നു. എങ്കിലും അടുത്തിടെ ഗംഭീര കളക്ഷന്‍ നേടിയ ഷാരൂഖിന്റെ ‘പഠാന്‍’ സിനിമയുടെ അടുത്ത് എത്താന്‍ ഹൃത്വിക്കിന്റെ ഫൈറ്ററിന് സാധിച്ചിട്ടില്ല. 280.75 കോടിയായിരുന്നു ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍.
അതേസമയം, സിനിമയ്ക്ക് മികച്ച രീതിയില്‍ പ്രീറിലീസ് ഹൈപ്പ് ലഭിച്ചിരുന്നു. അത് ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിച്ചിരുന്നു. 3.7 കോടിയിലധികം ടിക്കറ്റുകള്‍ റിലീസിന് മുന്നേ വിറ്റു പോയിരുന്നു. ചിത്രത്തിന്റെ ത്രീഡി പതിപ്പിനാണ് കൂടുതല്‍ ബുക്കിംഗ് ലഭിച്ചത്.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പഠാനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.