റിലീസിന് മുമ്പ് 'ഫൈറ്റര്‍' ഹിറ്റ് ചാര്‍ട്ടില്‍, ത്രീഡി പതിപ്പിന് ആവശ്യക്കാരേറെ; വിറ്റുപോയത് ഇത്രയധികം ടിക്കറ്റുകള്‍!

ഗംഭീര ആക്ഷന്‍ ചിത്രവുമായാണ് ഹൃത്വിക് റോഷന്റെ ‘ഫൈറ്റര്‍’ തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. റിലീസിന് മുമ്പ് തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയാണ് ചിത്രം. ഫൈറ്ററിന് ലഭിച്ച പ്രീബുക്കിങ് കണക്കുകളാണ് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്. ഇതുവരെ ചിത്രത്തിന്റെ ഒരു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ത്രീഡി പതിപ്പിനാണ് കൂടുതല്‍ ബുക്കിംഗ് രേഖപ്പെടുത്തുന്നത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 93,735 ടിക്കറ്റുകള്‍ വിറ്റുപോയതില്‍ 50,770 ടിക്കറ്റുകളും ത്രീഡി പതിപ്പാണ്. ചിത്രത്തിന്റെ ഐമാക്‌സ് പതിപ്പിനും ഭേദപ്പെട്ട ബുക്കിംഗ് ഉണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 24ന് ആണ് റിലീസിന് ഒരുങ്ങുന്നത്.

ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ത്രസിപ്പിക്കുന്ന രംഗങ്ങളാല്‍ എത്തിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പഠാനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്.

സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം.

Read more

ചിത്രത്തിന്റെതായി പുറത്തുവന്ന ട്രെയ്‌ലറും പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഹൃത്വിക്കിന്റെയും ദീപികയുടെയും ഹോട്ട് രംഗങ്ങളും ചര്‍ച്ചയായിരുന്നു. ‘പഠാന്‍’ ചിത്രത്തിലേത് പോലെ അതീവ ഗ്ലാമറസ് ആയും ദീപിക ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.