ഹൃത്വിക് റോഷന്റെ 50-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി കാമുകി സബ ആസാദ്. സബ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹൃത്വിക്കിനെ ചുംബിക്കുന്ന വീഡിയോയാണ് സബ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
‘കഹോനാ പ്യാര്‍ ഹെ’ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് ബോളിവുഡില്‍ എത്തുന്നത്. ഹൃത്വിക് റോഷന് ബോളിവുഡില്‍ മേല്‍വിലാസം നേടി കൊടുത്ത ചിത്രമാണ് ‘കോയി മില്‍ ഗയ’. 2003ല്‍ ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രം ബോളിവുഡില്‍ മറ്റൊരു അധ്യായം കുറിക്കുകയായിരുന്നു.
ക്രിഷ്, ധൂം 2 എന്നീ ചിത്രങ്ങളിലെ അഭിനയം ഹൃത്വിക്കിനെ ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ ഒരാളാക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ അന്തര്‍മുഖനായിരുന്നു ഹൃത്വിക്. വിക്ക് ഉണ്ടായിരുന്ന ഹൃത്വിക്കിനെ സഹപാഠികള്‍ കളിയാക്കിയിരുന്നു. ആറ് വിരലുകള്‍ ഉള്ളതിനാലും പലരും ഹൃത്വിക്കിനെ പരിഹസിച്ചിരുന്നു.
നട്ടെല്ലിനെ ബാധിക്കുന്ന രോഗം വന്നതോടെ കടുത്ത വേദന അനുഭവിച്ചിരുന്ന കാലത്ത് ആയിരുന്നു ഹൃത്വിക് നൃത്തം പഠിച്ചത്. സിനിമയില്‍ പിതാവിന്റെ സഹായിയായി എത്തിയ ഹൃത്വിക് ചായ വിതരണം മുതല്‍ നിലം തുടയ്ക്കുക വരെ ചെയ്തിട്ടുണ്ട്.
അതേസമയം, സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യാനിരിക്കുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രമാണ് ഹൃത്വിക്കിന്റെതായി ഇനി തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. ചിത്രത്തിലെ ഹൃത്വിക്കിന്റെ ലുക്കിനെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു.
സാങ്കേതികത ഉപയോഗിച്ച് മുഖത്ത് ചുളിവുകള്‍ മറക്കാതെ റിയല്‍ ഫെയ്‌സ് ആയി എത്തിയ ഹൃത്വിക്കിന്റെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ജനുവരി 25ന് ആണ് ഫൈറ്റര്‍ റിലീസിന് ഒരുങ്ങുന്നത് ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായിക. ഇത് കൂടാതെ ‘വാര്‍ 2’ എന്ന ചിത്രവും ഹൃത്വിക്കിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.