ഞാന്‍ സ്വയം മുറിപ്പെടുത്തുമായിരുന്നു, കഴിഞ്ഞ് ഏഴ് വര്‍ഷമായി തെറാപ്പിസ്റ്റിനെ കണ്ടുകൊണ്ടിരിക്കുകയാണ്: ഇമ്രാന്‍ ഖാന്‍

ബോക്‌സ് ഓഫീസില്‍ പരാജയങ്ങള്‍ കൂടി വന്നതോടെയാണ് നടന്‍ ഇമ്രാന്‍ ഖാന്‍ ബോളിവുഡില്‍ നിന്നും പിന്മാറിയത്. ചെയ്ത സിനിമകള്‍ മിക്കതും പരാജയമായതോടെയാണ് ഇമ്രാന്‍ ബോളിവുഡില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. പരാജയം മാത്രം ലഭിക്കുന്ന ഈ രംഗത്ത് തുടരാന്‍ ആവശ്യമായ സമയവും ഊര്‍ജവും പ്രയത്‌നവും തനിക്ക് ഇല്ലാത്തതിനാലാണ് സിനിമയില്‍ നിന്നും പിന്മാറിയത് എന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.

”മനസിന്റെയുള്ളില്‍ മുറിവുകളുണ്ടെന്ന് തോന്നി. അത് ശരിയാക്കണമെന്ന് തോന്നി” എന്നാണ് ഇമ്രാന്‍ പറയുന്നത്. ഇതിനൊപ്പം തന്നെ താന്‍ തെറാപ്പി ചെയ്യുന്നതിനെ കുറിച്ചും ഇമ്രാന്‍ സംസാരിക്കുന്നുണ്ട്. ”കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ആഴ്ചയില്‍ നാല് തവണ ഒരു തെറാപ്പിസ്റ്റിനെ സന്ദര്‍ശിക്കാറുണ്ട്.”

”നിങ്ങള്‍ ഒരു മോശം ആസക്തി ഉപേക്ഷിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ മദ്യം ഉപക്ഷേച്ചിവരോ ആയ ഒരാള്‍ ആണെങ്കില്‍ അവര്‍ എത്ര ദിവസം ശാന്തമായിരുന്നുവെന്ന് അവര്‍ക്ക് കൃത്യമായി പറയാന്‍ കഴിയും. എന്റെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. 2017 മാര്‍ച്ച് 13ന് ആയിരുന്നു ഞാന്‍ വിശകലനം ആരംഭിച്ചത്. ഇപ്പോള്‍ 2,500 ദിവസങ്ങളായി” എന്നാണ് ഇമ്രാന്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷമയിരുന്നു ഇമ്രാന്‍ ഖാന്‍ ഡിപ്രഷനെ കുറിച്ച് തുറന്നു പറഞ്ഞത്. വിഷാദരോഗത്തെ തുടര്‍ന്ന് താന്‍ സ്വയം ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായും ഇമ്രാന്‍ പറയുന്നുണ്ട്. ”നമുക്കെല്ലാം മുറിവുകളുണ്ട്, പഴയ മുറിവുകള്‍ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍ സ്‌നേഹം സുഖപ്പെടുത്തും.”

”സ്‌നേഹം ശാക്തീകരിക്കുന്നതും ഉന്നമനം നല്‍കുന്നതുമാണ്. നിങ്ങളുടെ സ്‌നേഹം എത്രത്തോളം എന്നെ ശാക്തീകരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ഒരിക്കലും പൂര്‍ണമായി മനസിലാകില്ല. പക്ഷെ ഞാന്‍ നന്ദിയുള്ളവനാണെന്ന് അറിയുക” എന്നായിരുന്നു നേരത്തെ ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.