ബാലതാരത്തിന് നേരെ അധിക്ഷേപം: പൊട്ടിത്തെറിച്ച് ഇര്‍ഫാന്‍ പത്താന്‍

വിമാന യാത്രയ്ക്കിടെ സഹയാത്രികനില്‍ നിന്ന് ഹിന്ദി ചലച്ചിത്ര നടി സൈറ വാസിം തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാം വീജിയോ പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരു പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം ചര്‍ച്ച ചെയ്യുന്നതിന് പകരം അവിടെയും ജാതിയും മതവും തിരുകി ചര്‍ച്ച വഴിതിരിച്ചു വിടാനാണ് ചിലരുടെ ശ്രമമെന്ന് ഇര്‍ഫാന്‍ പത്താന്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് മുന്‍ ഇന്ത്യന്‍ താരം തന്റെ അമര്‍ഷം പ്രകടിപ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയ്ക്ക് ഉണ്ടായ ദുരനുഭത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടേണ്ടതിന് പകരം അവളുടെ പൗരത്വത്തെക്കുറിച്ചും ജാതിയേക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നു. എന്ത് തരം മനോഭാവമാണിത് എന്നാണ് പത്താന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്.

കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ് ബബിത ഭോഗട്ടും നടിയേ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. ആ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത് ഹൃദയം തകര്‍ന്നുകൊണ്ടാണ് കേട്ടത് എന്നാണ് ബബിത പറഞ്ഞത്. ഒരിക്കലും ഒരു നല്ല മനുഷ്യന് അങ്ങനൊന്നും ചെയ്യാന്‍ കഴിയില്ലയെന്നും അവര്‍ പറഞ്ഞു.

ഇന്നലെ സൈറ വാസിമിനെ വിമാനത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ പരാതിയില്‍ പോക്‌സോ ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ഉരസിയെന്നാണ് ആരോപണം.

വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രചെയ്യവെയാണ് സംഭവം. അര്‍ധരാത്രിക്ക് ശേഷം കരഞ്ഞുകൊണ്ടാണ് താരം സംഭവം വിവരിച്ചത്.