‘ദ കശ്മിര്‍ ഫയല്‍സ്’ ചിത്രത്തെ വിമര്‍ശിച്ച രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാനായ ഇസ്രായേല്‍ സംവിധായകന്‍ നദാവ് ലാപിഡിനെതിരെ ഇസ്രയേല്‍ അംബാസഡര്‍. ഒരു പ്രൊപഗന്‍ഡ ചിത്രമായാണ് കശ്മിര്‍ ഫയല്‍സ് കണ്ടപ്പോള്‍ തോന്നിയതെന്ന് നദാവ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍ നദാവ് ലാപിഡിന്റെ പരാമര്‍ശനത്തില്‍ അദ്ദേഹം സ്വയം ലജ്ജിക്കണം എന്നാണ് ഇസ്രയേല്‍ അംബാസിഡര്‍ നഓര്‍ ഗിലോണിന്റെ വിമര്‍ശനം. രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി അധ്യക്ഷ പദവി നദാവ് ദുരുപയോഗിച്ചു. അദ്ദേഹത്തെ ഈ പദവിയിലേക്ക് ക്ഷണിച്ചത് ഇന്ത്യക്ക് ഇസ്രയേലിനോടുള്ള സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ്.
കശ്മീര്‍ ഫയല്‍സ് വിമര്‍ശനം ഇസ്രായേല്‍ രാഷ്ട്രീയത്തിലെ നദാവ് ലാപിഡിന്റെ നിലപാടിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ പരാമര്‍ശം വഴി ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തിന് വരുത്തിയ കോട്ടം അതിജീവിക്കുമെന്നും ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നഓര്‍ ഗിലോണ്‍ വ്യക്തമാക്കി.
ദ കശ്മീര്‍ ഫയല്‍സ് കണ്ട് തങ്ങള്‍ നിരാശരായെന്നും അത് തങ്ങളെ ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയുമാണ് ചെയ്തത് എന്നായിരുന്നു നദാവ് ലാപിഡിന്റെ വിമര്‍ശനം. പ്രൊപഗന്‍ഡ വള്‍ഗര്‍ സിനിമയായിട്ടാണ് കശ്മീര്‍ ഫയല്‍സിനെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കശ്മിരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മിര്‍ ഫയല്‍സ്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഏറെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 630 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം പിന്നീട് 4000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.