ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് (ജെഇഎം) നിര്‍മ്മിച്ച വീഡിയോ പങ്കുവയ്ക്കരുതെന്ന് ജമ്മു കശ്മീര്‍ പൊലീസ്. നടന്റെ ചിത്രവും ‘ഫാന്റം’ എന്ന സിനിമയുടെ പോസ്റ്ററും ദുരുപയോഗം ചെയ്തു കൊണ്ടുള്ള വീഡിയോയാണ് ജെഇഎം പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം രണ്ട് മണിയോടെയാണ് അഞ്ച് മിനുറ്റും 55 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഈ വീഡിയോ എത്തിയത്. ഈ വീഡിയോ ആരും പങ്കുവക്കരുതെന്ന് ജമ്മു കശ്മീര്‍ പൊലീസ് പൊതുജനങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. ആര്‍ക്കെങ്കിലും വീഡിയോ ലഭിച്ചിട്ടുണ്ടെങ്കില്‍ ആരാണ് പങ്കുവെച്ചതെന്ന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം.
അയച്ചയാളുടെ ഫോണ്‍ നമ്പര്‍, അയച്ച ദിവസം, സമയം എന്നിവ റിപ്പോര്‍ട്ട് ചെയ്യണം. ഇക്കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സൂപ്പര്‍വൈസറി ഓഫീസര്‍ക്കും ടെക്സ്റ്റ് മെസേജ് വഴി അവരുടെ സൂപ്പര്‍വൈസറി ഓഫീസര്‍മാര്‍ക്കും റിപ്പോര്‍ട്ട് ചെയ്യണം.
ഈ വീഡിയോ പ്രചരിപ്പിക്കുന്നത് യുഎപിഎ പ്രകാരം വകുപ്പ് 13, 18 എന്നിവയില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാണെന്നും പൊലീസ് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സെയ്ഫ് അലി ഖാനൊപ്പം കത്രീന കൈഫും പ്രധാന റോളിലെത്തിയ ഫാന്റം 2015ല്‍ ആണ് പുറത്തിറങ്ങിയത്.
കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറിന്, മുംബൈ ആക്രമണത്തിന് ശേഷം പുറത്തു വന്ന ഹുസൈന്‍ സെയ്ദിയുടെ ‘മുംബൈ അവഞ്ചേഴ്സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയത്. ബോക്‌സ് ഓഫീസില്‍ 84 കോടി വരെ സിനിമ നേടിയിരുന്നു.