ഇലോണ്‍ മസ്‌ക്കിന്റെ അമ്മ മെയ് മസ്‌ക്കിനൊപ്പം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ഈസ്റ്റര്‍ ദിനത്തിലാണ് മെയ് മസ്‌കിനൊപ്പം ജാക്വിലിന്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ഇരുവരും ഒരുമിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തന്റെ പുസ്തകമായ ‘എ വുമണ്‍ മെയ്ക്ക്സ് എ പ്ലാനി’ന്റെ ഹിന്ദി എഡിഷന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് മെയ് മസ്‌ക് ഇന്ത്യയില്‍ എത്തിയത്. മെയ്‌ക്കൊപ്പമുള്ള അനുഭവം ജാക്വിലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ”പ്രിയപ്പെട്ട സുഹൃത്ത് മെയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കാനായത് മനോഹരമായ അനുഭവമായിരുന്നു.”
”ഒരു സ്ത്രീയുടെ സ്ഥിരോത്സാഹത്തിന്റെ പ്രതീകമാണ് മെയ് മസ്‌ക്കിന്റെ പുസ്തകം. അത് എന്നെ ഒരുപാട് പഠിപ്പിച്ചു, പ്രത്യേകിച്ചും പ്രായം വെറും നമ്പര്‍ ആണെന്നും നിങ്ങളുടെ ലക്ഷ്യത്തെയും സ്വപ്‌നങ്ങളെയും അത് നിര്‍വചിക്കരുതെന്നും” എന്നാണ് ജാക്വിലിന്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം മെയ് മസ്‌ക്കിന്റെ 77-ാം ജന്മദിനമായിരുന്നു.
മുംബൈയില്‍ ആയിരുന്നു മെയ് തന്റെ പിറന്നാള്‍ ആഘോഷമാക്കിയത്. അമ്പതോളം പേര്‍ പങ്കെടുത്ത ആഘോഷമായിരുന്നു മെയ് സംഘടിപ്പിച്ചത്. പിറന്നാള്‍ ദിനത്തില്‍ മകന്‍ ഇലോണ്‍ മസ്‌ക് തനിക്ക് പൂക്കള്‍ സമ്മാനിച്ചുവെന്ന് മെയ് എക്‌സില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.