200 കോടി തട്ടിപ്പു കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള തന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കരുതെന്ന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ഇപ്പോള്‍ വളരെ കടുത്ത അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും സുഹൃത്തുക്കളും ആരാധകരും ഇത് മനസിലാക്കുമെന്ന് കരുതുന്നതായും ജാക്വലിന്‍ പറയുന്നു.
”ഈ നാട് എനിക്ക് എന്നും സ്‌ഹേഹവും ബഹുമാനവും നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളും മാധ്യമങ്ങളും എന്റെ കൂടെ നിന്നിട്ടുമുണ്ട്. ഇപ്പോള്‍ വളരെ കടുത്ത അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. സുഹൃത്തുക്കളും ആരാധകരും ഇത് മനസിലാക്കുമെന്ന് കരുതുന്നു.”
”എന്റെ വ്യക്തിപരവും സ്വകാര്യവുമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഈ തരത്തില്‍ പെരുമാറാത്തത് പോലെ എന്നോടും ചെയ്യില്ലെന്ന് കരുതുന്നതു. നീതിയും നല്ല ബോധവും പ്രതീക്ഷിക്കുന്നു” എന്നാണ് ജാക്വിലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ആഡംബര വസ്തുക്കള്‍ നല്‍കിയും പലര്‍ക്കും പണം നല്‍കിയുമാണ് ജാക്വലിനുമായി സുകേഷ് ചന്ദ്രശേഖര്‍ അടുപ്പം സ്ഥാപിച്ചത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങള്‍ ജാക്വിലിന് സുകേഷ് നല്‍കിയിരുന്നു.
ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ഫിലിം നിര്‍മ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു. ഹോളിവുഡ് നടി ആഞ്ജലീന ജോളിക്ക് തുല്യയാണ് ജാക്വലിനെന്നും അതുപോലെയുള്ള സൂപ്പര്‍ ഹീറോ സീരിസ് അര്‍ഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചിരുന്നു.