ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴുകോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 200 കോടി തട്ടിപ്പ് കേസ് പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധം തെളിഞ്ഞ സാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.
നടിയെ കേസില്‍ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു. ജാക്വലിന് ചന്ദ്രശേഖര്‍ വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയത് കള്ളപ്പണം ഉപയോഗിച്ചാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഫോര്‍ട്ടീസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങടക്കമുള്ള ഉന്നതരെ വഞ്ചിച്ചാണ് ഇയാള്‍ പണം കണ്ടെത്തിയതെന്ന വിവരവും പുറത്തുവന്നിരുന്നു.
ആഡംബര വസ്തുക്കള്‍ നല്‍കിയും പലര്‍ക്കും പണം നല്‍കിയുമാണ് ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസുമായി സുകേഷ് ചന്ദ്രശേഖര്‍ അടുപ്പം നേടിയിരുന്നത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഈ ബന്ധം സിനിമയാക്കാന്‍ ചില സംവിധായകരും ഒടിടി പ്ലാറ്റ്‌ഫോം അധികൃതരും രംഗത്തെത്തിയിരുന്നു.