'അയ്യപ്പനും കോശിയും' ഹിന്ദി റീമേക്കില്‍ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും; താരങ്ങള്‍ ഒന്നിക്കുന്നത് 13 വര്‍ഷത്തിനു ശേഷം

“അയ്യപ്പനും കോശിയും” ഹിന്ദി റീമേക്കിനായി ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അറ്റാക്ക് എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയാണ് ജോണ്‍ എബ്രഹാം. തുടര്‍ന്ന് പത്താന്‍ ഏക് വില്ലന്‍ 2 എന്നീ ചിത്രങ്ങളാണ് താരത്തിന്റെ ലിസ്റ്റിലുള്ളത്.

ജൂലൈയില്‍ പത്താന്‍ പൂര്‍ത്തിയാക്കുന്നതോടെ ജോണ്‍ അയ്യപ്പനും കോശിയും റീമേക്കില്‍ ജോയിന്‍ ചെയ്യും എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് ചെയ്തതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായതിനാല്‍ സിനിമയെ കുറിച്ച് ജോണ്‍ വളരെ ആവേശത്തിലാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ദസ്‌വി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആഗ്രയിലാണ് അഭിഷേക് ബച്ചന്‍. ഇതിന് ശേഷം ബിഗ് ബുള്‍, ബോബ് വിശ്വാസ് എന്നീ രണ്ട് ചിത്രങ്ങളുടെ പ്രൊമോഷന്‍ തിരക്കുകളിലാകും അഭിഷേക്. തുടര്‍ന്ന് ജൂണില്‍ അയ്യപ്പനും കോശിയും റീമേക്കിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും എന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

Read more

13 വര്‍ഷത്തിനു ശേഷം അഭിഷേകും ജോണും ഒന്നിക്കുന്ന ചിത്രമാകും ഇത്. ദൊസ്താന ആയിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. പവന്‍ കല്യാണും റാണ ദഗുബതിയുമാണ് തെലുങ്ക് റീമേക്കില്‍ അഭിനയിക്കുന്നത്.