സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് മീഡിയ പ്ലാനര്‍ ആയാണ് ജോണ്‍ എബ്രഹാം ജോലി ചെയ്തത്. എംബിഎ പൂര്‍ത്തിയാക്കിയ ജോലിക്ക് കയറിയ താരത്തിന് ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കരിയറിന്റെ തുടക്കക്കാലത്തെ കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് ജോണ്‍ എബ്രഹാം ഇപ്പോള്‍.
”എംബിഎ കഴിഞ്ഞ് ആദ്യമായി ജോലിയില്‍ കയറിയപ്പോള്‍ എന്റെ ശമ്പളം 6,500 രൂപയായിരുന്നു. ഞാന്‍ അവിടെ നിന്നുമാണ് തുടങ്ങിയത്. ഞാനൊരു മീഡിയ പ്ലാനര്‍ ആയിരുന്നു. പിന്നീട് എനിക്ക് ഗ്ലാഡ്രാഗ്‌സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു, ഷാരൂഖ് ഖാന്‍, ഗൗരി ഖാന്‍, കരണ്‍ ജോഹര്‍, കരണ്‍ കപൂര്‍ എന്നിവരായിരുന്നു അതിന്റെ വിധികര്‍ത്താക്കള്‍.”
”ഞാന്‍ ആ മത്സരത്തില്‍ വിജയിച്ചു, എനിക്ക് 40,000 രൂപ ലഭിച്ചു. ആ തുക എന്നെ സംബന്ധിച്ച് വലിയൊരു തുകയായിരുന്നു. അന്ന് എന്റെ ശമ്പളം 11,500 രൂപയായിരുന്നു. എന്റെ ചെലവുകള്‍ വളരെ കുറവായിരുന്നു. എനിക്ക് ഉച്ചഭക്ഷണത്തിന് 6 രൂപ മതിയായിരുന്നു, 2 ചപ്പാത്തിയും ഡാല്‍ ഫ്രൈയും ഉണ്ടായിരിക്കും. 1999ല്‍ ആയിരുന്നു അത്.”
”ഓഫീസില്‍ അധികസമയം ജോലി ചെയ്യേണ്ടി വന്നാല്‍ ഞാന്‍ അന്നത്തെ അത്താഴം ഒഴിവാക്കും. അന്ന് എനിക്ക് മൊബൈല്‍ ഇല്ലായിരുന്നു. ബൈക്കില്‍ പെട്രോള്‍ അടിക്കണം, പിന്നെ വളരെ കുറച്ചു ഭക്ഷണം, ഒരു ട്രെയിന്‍ പാസ്, എന്റെ ചെലവുകള്‍ അതില്‍ ഒതുങ്ങിയിരുന്നു.”
”ഞാന്‍ എന്റെ പണം സേവ് ചെയ്യുകയും ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്തു. അവിടെ നിന്നാണ് എന്റെ കരിയര്‍ ആരംഭിച്ചത്” എന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്. അതേസമയം, 2003ല്‍ ജിസം എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ എബ്രഹാം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.