മന:പൂര്‍വം എന്നെ ദേഷ്യം പിടിപ്പിക്കുകയായിരുന്നു, 20 വര്‍ഷം മുമ്പുള്ള ചോദ്യങ്ങളാണ് അവര്‍ ചോദിക്കുന്നത്: ജോണ്‍ എബ്രഹാം

ഇന്ത്യയില്‍ സിനിമയിലെ ജേണലിസം അവസാനിച്ചുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. താരത്തിന്റെ പുതിയ സിനിമയായ ‘വേദ’യുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകന് നേരെ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമാക്കി കൊണ്ടാണ് താരം സംസാരിച്ചത്.

”വേദയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകന്‍ മനപൂര്‍വം എന്നെ അസ്വസ്ഥനാക്കുകയായിരുന്നു. കൃത്യമായി പദ്ധതിയൊരുക്കി എന്നെ ചൊടിപ്പിച്ചതാണെന്ന് എനിക്ക് അറിയാം, ഞാന്‍ ദേഷ്യപ്പെട്ടത് കൊണ്ടാണ് അവിടെ അവന്‍ ജയിച്ചതും ഞാന്‍ തോറ്റതും. ഇപ്പോഴത്തെ ട്രെയ്‌ലര്‍ ലോഞ്ചുകള്‍ എനിക്ക് ഇഷ്ടമല്ല.”

”കാരണം 20 വര്‍ഷം മുമ്പുള്ള പഴയ ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ചോദ്യങ്ങളില്‍ ഒരു മാറ്റവും പുതുമയുമില്ല. ശരിയായ ഒരു ചോദ്യം പോലും ആരും ചോദിക്കുന്നില്ല. ഇന്ത്യയില്‍ സിനിമ ജേര്‍ണലിസം അവസാനിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്” എന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്.

അതേസമയം, ട്രെയ്‌ലര്‍ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത് ഇപ്രകാരമായിരുന്നു; ”ട്രെയ്‌ലര്‍ ഗംഭീരമായിട്ടുണ്ട്, പക്ഷേ ഇതെല്ലാം സര്‍ മുമ്പ് ചെയ്ത് സിനിമകള്‍ പോലെ തന്നെയാണ്. ഒരേതരത്തിലുള്ള റോളുകളും ആക്ഷനിലുമാണ് പ്രാധാന്യം കൊടുക്കുന്നത്. എന്തെങ്കിലും പുതിയതായി കൊണ്ടുവരൂ” എന്നായിരുന്നു.

ഇതോടെ ജോണ്‍ എബ്രഹാം ക്ഷുഭിതനാവുകയായിരുന്നു. നിങ്ങള്‍ ഈ ചിത്രം കണ്ടോ? വിഡ്ഢികളുടെ മോശം ചോദ്യം പോലെ തോന്നുന്നു. നിങ്ങള്‍ പറയുന്നതുപോലെയല്ല. ഇത് വ്യത്യസ്തമായ ചിത്രമാണ്. എന്നെ സംബന്ധിച്ച് തീവ്രതയുള്ള പ്രകടനമാണ് ഇതിലെ കഥാപാത്രത്തിനുവേണ്ടി ഞാന്‍ നല്‍കിയിട്ടുള്ളത് എന്നായിരുന്നു ജോണ്‍ എബ്രഹാം പറയുന്നത്.