സ്വന്തം സിനിമയുടെ പൂജയ്ക്ക് അനുമതി നിഷേധിച്ചു, ബൈക്കില്‍ എത്തിയതിനാല്‍ സെക്യൂരിറ്റി തടഞ്ഞു: ജോണ്‍ എബ്രഹാം

തന്റെ ആദ്യ സിനിമയുടെ പൂജയ്ക്ക് ബൈക്കില്‍ എത്തിയതിനാല്‍ തനിക്ക് പ്രവേശനം നിഷേധിച്ചിരുന്നതായി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ‘ദ ഡിപ്ലോമാറ്റ്’ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയാണ് ജോണ്‍ എബ്രഹാം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഏത്ബാര്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഈ സംഭവം ഉണ്ടായത്.

അമിതാഭ് ബച്ചനും ഹൃത്വിക് റോഷനും അടക്കമുള്ള താരങ്ങള്‍ പൂജയ്ക്ക് എത്തിയിരുന്നതിനാല്‍ സെക്യൂരിറ്റി തന്നെ തടഞ്ഞു വയ്ക്കുകയായിരുന്നു എന്നാണ് ജോണ്‍ പറയുന്നത്. ”ഏത്ബാര്‍ സിനിമയുടെ മുഹൂര്‍ത്ത് ഷോട്ടിനായി ഞാന്‍ എത്തിയത് ബൈക്കിലാണ്. ഹൃത്വിക് റോഷനും അമിതാഭ് ബച്ചനും ചേര്‍ന്നാണ് എനിക്ക് വേണ്ടി ക്ലാപ്പ് ബോര്‍ഡ് അടിക്കുന്നത്. ഞാനും ഹൃത്വിക്കും ക്ലാസ്‌മേറ്റ്‌സ് ആണ്.”

”പക്ഷെ ഞാന്‍ ബൈക്കില്‍ വന്നതിനാല്‍ എന്നെ അങ്ങോട്ട് കയറാന്‍ സമ്മതിച്ചില്ല. ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. ഞാന്‍ എത്തിയപ്പോള്‍ ‘നീ ആരാണ്?’ എന്ന് ചോദിച്ചു. എന്റെ സിനിമയുടെ പൂജയാണ് നടക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. അവസാനം എന്നെ അവര്‍ കയറാന്‍ സമ്മതിച്ചു. ഗേറ്റ് തുറന്നപ്പോള്‍ അമിതാഭ് ബച്ചനും ഹൃത്വിക് റോഷനും എന്നോട് വരൂ എന്ന് പറയുന്നത് കണ്ടു.”

”അത് എന്റെ ആദ്യ സിനിമയായിരുന്നു” എന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്. 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഏത്ബാര്‍. ജോണ്‍ എബ്രഹാം നായകനായ ചിത്രത്തില്‍ ബിപാഷ ബസു ആയിരുന്നു നായിക. അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

അതേസമയം, ഡിപ്ലോമാറ്റ് തിയേറ്ററില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. മലയാളി സംവിധായകന്‍ ശിവം നായര്‍ ഒരുക്കിയ ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. ഇസ്ലാമാബാദിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരിക്കെ ജെപി സിംഗ് ഇടപെട്ട ഒരു യഥാര്‍ഥ സംഭവമാണ് ദി ഡിപ്ലോമാറ്റ് എന്ന ചിത്രത്തിന്റെ പ്രമേയം.