ഹൃത്വിക് റോഷന്‍ ചിത്രം ‘വാര്‍ 2’വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ജൂനിയര്‍ എന്‍ടിആര്‍. സിനിമയ്ക്കായി പ്രത്യേക ഡയറ്റിലാണ് താരം. ഇതിനിടെ ജൂനിയര്‍ എന്‍ടിആറിന്റെ ബോഡി ഡബിള്‍ തന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബോളിവുഡില്‍ തെലുങ്ക് സിനിമയേക്കാള്‍ വളരെ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും തെലുങ്ക് സിനിമയേക്കാള്‍ കുറവാണത് എന്നാണ് നടന്റെ ബോഡി ഡബിള്‍ ആയ ഈശ്വര്‍ ഹാരിസ് പറയുന്നത്.
ആര്‍ആര്‍ആര്‍ അടക്കമുള്ള സിനിമകളില്‍ നടന്റെ ബോഡി ഡബിള്‍ ആയ പ്രവര്‍ത്തിച്ചയാളാണ് ഈശ്വര്‍. ചിത്രത്തിലെ ചില രംഗങ്ങളിലേക്കാണ് തനിക്ക് അവസരം ലഭിച്ചത്. എന്നാല്‍ പ്രതിഫലം വളരെ കുറവായതു കൊണ്ട് താന്‍ സിനിമ നിരസിച്ചു എന്നാണ് ഈശ്വര്‍ പറയുന്നത്. ”വാര്‍ 2വില്‍ പ്രവര്‍ത്തിക്കാനായി എന്നെ സമീപിച്ചു. പ്രതിഫലം കുറവായതിനാല്‍ ഞാന്‍ വേണ്ടെന്ന് വച്ചു. ഏറ്റവും അടുത്ത ഫ്‌ളൈറ്റ് പിടിച്ച് മുംബൈയിലേക്ക് എത്താനാണ് എന്നോട് പറഞ്ഞത്.”
”എന്നാല്‍ അവര്‍ ഓഫര്‍ ചെയ്ത പ്രതിഫലം ഫ്‌ളൈറ്റ് ചാര്‍ജിന് പോലും തികയില്ലായിരുന്നു. ബോളിവുഡ് തെലുങ്ക് ഇന്‍ഡസ്ട്രിയേക്കാള്‍ മോശമാണ്. തെലുങ്കില്‍ എനിക്ക് മികച്ച പ്രതിഫലം ലഭിക്കാറുണ്ട്. വളരെ വലിയ ബജറ്റ് ഉണ്ടെങ്കില്‍ നല്ല പ്രതിഫലവും നല്‍കണം. മൂന്ന് ദിവസത്തെ വര്‍ക്കിനായാണ് എന്നെ വിളിച്ചത്. പക്ഷെ പ്രതിഫലം എന്റെ യാത്രക്ക് പോലും തികയാത്തതിനാല്‍ ഞാന്‍ അത് നിരസിച്ചു” എന്നാണ് ഈശ്വര്‍ പറയുന്നത്.
അതേസമയം, സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ വാര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് വാര്‍ 2 ഒരുങ്ങുന്നത്. ആദ്യ ഭാഗത്തില്‍ ഹൃത്വിക്കിനൊപ്പം ടൈഗര്‍ ഷ്‌റോഫും പ്രധാന വേഷത്തിലെത്തിയിരുന്നു. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായാണ് ചിത്രം പുറത്തിറങ്ങുന്നത്.
2012ല്‍ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവരഭിനയിച്ച് പുറത്തിറങ്ങിയ ഏക് ഥാ ടൈഗര്‍ ആയിരുന്നു സ്‌പൈ യൂണിവേഴ്‌സിലെ ആദ്യ ചിത്രം. തുടര്‍ന്ന് ടൈഗര്‍ സിന്ദാ ഹേ, ടൈഗര്‍ 3 എന്നീ തുടര്‍ഭാഗങ്ങളും പുറത്തിറങ്ങി. തുടര്‍ന്ന് 2019ല്‍ വാര്‍, 2023ല്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച പത്താന്‍ എന്നിവയും പുറത്തിറങ്ങി.