അക്ഷയ് കുമാര്‍ ചിത്രം ‘സെല്‍ഫി’ക്ക് ബോക്‌സോഫീസില്‍ നിന്നും തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവച്ച് നിര്‍മ്മാതാവ് കരണ്‍ ജോഹറിനെ പരിഹസിച്ച് കങ്കണ റണാവത്ത്. ഒരു ട്രേഡ് അനലിസ്റ്റോ ഒരു മാധ്യമമോ സെല്‍ഫി സിനിമയെ കുറിച്ച് പറയുന്നത് പോലും കേള്‍ക്കുന്നില്ല എന്നാണ് കങ്കണ പറയുന്നത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ പ്രതികരണം. ”കരണ്‍ ജോഹര്‍ ചിത്രം സെല്‍ഫി ആദ്യ ദിവസം 10 ലക്ഷം രൂപ കളക്ഷന്‍ പോലും നേടിയിട്ടില്ല. ഒരു ട്രേഡ് അനലിസ്‌റ്റോ മാധ്യമപ്രവര്‍ത്തകനോ അതിനെ കുറിച്ച് സംസാരിക്കുന്നത് പോലും കാണുന്നില്ല” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.
മറ്റൊരു സ്റ്റോറിയില്‍ ഒരു വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. ”കങ്കണ റണാവത്തിന്റെ പുരുഷ വേര്‍ഷന്‍! പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സെല്‍ഫി അക്ഷയ്‌യുടെ തുടര്‍ച്ചയായ ആറാമത്തെ പരാജയ സിനിമ ആകുന്നു” എന്ന ടൈറ്റിലോടെ എത്തിയ വാര്‍ത്തയാണ് കങ്കണ പങ്കുവച്ചിരിക്കുന്നത്.
”സെല്‍ഫി ദുരന്തമാണ് എന്ന വാര്‍ത്തയ്ക്കായാണ് ഞാന്‍ നോക്കി ഇരുന്നത്. പക്ഷെ കണ്ടെത്തിയത് എന്നെ കുറിച്ചുള്ള വാര്‍ത്തകളാണ്… ഇതും എന്റെ കുറ്റമാണോ” എന്നാണ് വാര്‍ത്തയ്ക്ക് ക്യാപ്ഷനായി കങ്കണ കുറിച്ചിരിക്കുന്നത്. ചിരിക്കുന്ന ഇമോജികളും ഇതിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ഫെബ്രുവരി 24ന് റിലീസ് ചെയ്ത ചിത്രത്തിന് വളരെ കുറഞ്ഞ കളക്ഷന്‍ മാത്രമേ ബോക്‌സോഫീസില്‍ നിന്നും നേടാനായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വേഷമിട്ട ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് സെല്‍ഫി.