അല്‍പ്പം സിനിമാക്കാര്യം, അതിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക്; 'എമര്‍ജന്‍സി' റിലീസ് പ്രഖ്യാപിച്ച് കങ്കണ, തീയതി പുറത്ത്

കങ്കണ റണാവത്ത് ചിത്രം ‘എമര്‍ജന്‍സി’ ഇനി തിയേറ്ററുകളിലേക്ക്. കങ്കണ ഇന്ദിരാ ഗാന്ധിയുടെ റോളിലെത്തുന്ന ചിത്രത്തിന്റെ സംവിധായികയും കങ്കണയാണ്. രാജ്യത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ച 50-ാം വാര്‍ഷിക ദിനത്തിലാണ് തന്റെ സിനിമയുടെ റിലീസ് ഡേറ്റ് കങ്കണ പുറത്തുവിട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 7ന് ആണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആദ്യമായി കങ്കണ സ്വതന്ത്ര സംവിധായികയാകുന്ന പ്രോജക്റ്റ് ആണ് എമര്‍ജന്‍സി. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്.

2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’ ആയിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം. സംവിധായകന്‍ കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ മണികര്‍ണിക ചെയ്തത്. അതേസമയം, അനുപം ഖേര്‍, ശ്രേയസ് തല്‍പഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

മലയാളി താരം വൈശാഖ് നായര്‍ ആണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് ആയി വേഷമിടുന്നത്. നേരത്തെ ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ആയതോടെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയം നേടിയതോടെയാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

എംപി ആയതോടെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് കങ്കണയുടെ തീരുമാനം. താന്‍ വിജയിച്ചാല്‍ ബോളിവുഡ് വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് കങ്കണ പ്രചാരണ പരിപാടികള്‍ക്കിടെ പ്രഖ്യാപിച്ചിരുന്നു. എമര്‍ജന്‍സി അല്ലാതെ മറ്റ് സിനിമകള്‍ ഒന്നും ഇനി കങ്കണയുടെതായി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ താരം സിനിമ നിര്‍ത്തുകയാണ് എന്നാണ് സൂചനകള്‍.