അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം, ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്‍കണം; ഇലോണ്‍ മസ്‌കിനോട് കങ്കണ

ട്വിറ്ററിന്റെ നിയന്ത്രണം ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ തന്റെ അക്കൗണ്ട് തിരികെ നല്‍കണമെന്ന ആവശ്യവുമായി നടി കങ്കണ റണാവത്. വിവാദ ട്വീറ്റുകള്‍ പങ്കുവച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയിലാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

തന്റെ ആരാധകന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് തനിക് ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്‍കണമെന്ന് നടി ആവശ്യപ്പെട്ടത്. കങ്കണയുടെ ബ്ലോക്ക് ചെയ്ത അക്കൗണ്ടിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് ‘ആവിഷ്‌കാര-അഭിപ്രായ സ്വതാന്ത്ര്യം പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ആരാധകന്‍ കുറിച്ചത്.

ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്തു കൊണ്ടാണ് പോസ്റ്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് കങ്കണ പങ്കുവച്ചത്. ”അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം” എന്ന സ്റ്റിക്കര്‍ കമന്റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ട്വിറ്ററിലെ സുഹൃത്തുക്കളെ മിസ് ചെയ്യുന്നുവെന്നും കങ്കണ പറഞ്ഞു.

ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട ഇലോണ്‍ മസ്‌കിന്റെ വാര്‍ത്ത പങ്കുവെച്ച് അതിന് കൈയ്യടിക്കുന്ന ഇമോജിയോടെയുള്ള പോസ്റ്റും ഇന്‍സ്റ്റഗ്രാമില്‍ കങ്കണ പങ്കുവെച്ചിട്ടുണ്ട്. തുടര്‍ച്ചയായി നിയമ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കങ്കണയുടെ അക്കൗണ്ട് ബാന്‍ ചെയ്തത്.

ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്ന് കങ്കണ പറഞ്ഞിരുന്നു. കൂടാതെ ‘ബംഗാള്‍ ബേണിങ്ങ്’ എന്ന ഹാഷ്ടാഗ് പങ്കുവച്ച്, ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമാവുകയും കങ്കണ ചെയ്തിരുന്നു.