നടി ജ്യോതികയെ പുകഴ്ത്തി കങ്കണ റണാവത്ത്. താരത്തിന്റെ പുതിയ ട്വീറ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ബോളിവുഡ് നടി കങ്കണ ആണെന്ന് പറയുന്നുണ്ട്. 2019ലെ ആ ഇന്റര്‍വ്യൂ വീഡിയോ പങ്കുവച്ചാണ് ജ്യോതികയെ പ്രശംസിച്ചു കൊണ്ടുള്ള ട്വീറ്റുമായി കങ്കണ എത്തിയത്.
ജ്യോതികയുടെ വാക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് കങ്കണ പറയുന്നത്. ജ്യോതിക നായികയായി എത്തിയ ‘ചന്ദ്രമുഖി’ സിനിമയുടെ രണ്ടാം ഭാഗത്തില്‍ കങ്കണയാണ് നായികയാവുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും ജ്യോതികയുടെ പെര്‍ഫോമന്‍സ് കാണറുണ്ടെന്നും കങ്കണ ട്വീറ്റില്‍ പറയുന്നുണ്ട്.
”ഇത് പ്രോത്സാഹിപ്പിക്കുന്നതാണ്. വാസ്തവത്തില്‍ ജ്യോതികയുടെ ചന്ദ്രമുഖിയിലെ ഐതിഹാസിക പ്രകടനം മിക്കവാറും എല്ലാ ദിവസങ്ങളിലും ഞാന്‍ കാണാറുണ്ട്. ഞങ്ങള്‍ ഷൂട്ടിന്റെ ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. ജ്യോതിക ആദ്യ ഭാഗത്തില്‍ അമ്പരപ്പിക്കുന്നുണ്ട്. അവരുടെ പെര്‍ഫോമന്‍സിനൊപ്പം പിടിച്ച് നില്‍ക്കുക എന്നത് അസാധ്യമാണ്” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, കങ്കണ നായികയായി അഭിനയിച്ച് സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിന് ശേഷമാണ് ചന്ദ്രമുഖിയുടെ ഷൂട്ടിംഗിനായി താരം എത്തിയിരിക്കുന്നത്. ചിത്രത്തിലെ ക്ലൈമാക്‌സ് ഗാനത്തിന്റെ ഷൂട്ടിലാണ് താരം ഇപ്പോള്‍. കൊറിയോഗ്രാഫര്‍ കലയാണ് നൃത്തസംവിധാനം.