കങ്കണയുടെ 'തേജസ്' വന്‍ ദുരന്തം, കളക്ഷന്‍ 5 കോടിക്കടുത്ത് മാത്രം; തിയേറ്ററില്‍ ആളില്ല, ഷോകള്‍ ക്യാന്‍സല്‍ ചെയ്തു!

തിയേറ്ററില്‍ വന്‍ ദുരന്തമായി മാറി കങ്കണ റണാവത്തിന്റെ ‘തേജസ്’. ചിത്രം കാണാനായി തിയേറ്ററില്‍ ഒരാള് പോലും എത്തുന്നില്ല എന്ന പരാതിയുമായാണ് തിയേറ്ററുടമകള്‍ എത്തുന്നത്. ഞായറാഴ്ച പോലും സിനിമ കാണാന്‍ ഒരാള് പോലും വരാതിരുന്നത് എന്ത് കാരണം കൊണ്ട് അറിയില്ലെന്ന് പറയുകയാണ് വിതരണക്കാര്‍.

തേജസ് ഈ വര്‍ഷത്തെ വലിയ ദുരന്തമാണെന്നാണ് ബിഹാറിലെ തിയേറ്ററുടമകള്‍ പറയുന്നത്. ഒരാള് പോലും കാണാന്‍ വരാത്തതിനാല്‍ മോണിംഗ് ഷോ ക്യാന്‍സലായി. ബാക്കി ഷോകള്‍ക്ക് കഷ്ടിച്ച് 30 പേരാണ് വന്നത്. സൂറത്തില്‍ ഒരാള് പോലും വരാത്തതിനാല്‍ 15 ഷോകളാണ് ക്യാന്‍സലായത്.

കുറഞ്ഞത് 4-5 കാഴ്ചക്കാരെങ്കിലും ഏതെങ്കിലും ഷോയ്ക്ക് എങ്കിലും എത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഞായറാഴ്ച പോലും തേജസിനെ കുറിച്ച് അന്വേഷിക്കാന്‍ പോലും ആരും എത്തിയിട്ടില്ല. അവസാനം പടം മാറ്റി വിജയ്യുടെ ‘ലിയോ’ പ്രദര്‍ശിപ്പിക്കുകയായിരുന്നു എന്നാണ് മുംബൈയിലെ ഒരു തിയേറ്ററുടമ പറയുന്നത്.

ഒക്ടോബര്‍ 27ന് തിയേറ്ററിലെത്തിയ തേജസ് 5 കോടിക്ക് അടുത്ത് മാത്രമാണ് ഇതുവരെ തിയേറ്ററുകളില്‍ നിന്നും നേടിയത്. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ അഭിനയിച്ചത്.

60 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിനായി 12 കോടി രൂപയാണ് കങ്കണ പ്രതിഫലമായി മേടിച്ചത്. ഈ സിനിമയും പരാജയമായതോടെ പ്രമുഖ നിര്‍മാണക്കമ്പനികളെല്ലാം നടിയെ കൈവിട്ട അവസ്ഥയിലാണ്. പുതിയ പ്രോജക്ടുകളൊന്നും സമീപകാലത്ത് നടിയുടേതായി പ്രഖ്യാപിച്ചിട്ടുമില്ല. കങ്കണ തന്നെ നിര്‍മ്മിക്കുന്ന ‘എമര്‍ജന്‍സി’ ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം.