രാജ്യത്ത് കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിന് എതിരെ നടി കങ്കണ റണൗട്ട്. ജീവതത്തിലെ എല്ലാ നിമിഷവും രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കിയിട്ടും അദ്ദേഹത്തിന് വെറുപ്പ് മാത്രമാണ് തിരികെ ലഭിക്കുന്നത്. ഇങ്ങനെയുള്ള ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക എന്ന് കങ്കണ ചോദിക്കുന്നു.
“”മോദി ജി അദ്ദേഹത്തിന്റെ ജീവതത്തിലെ ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കി. എന്നിട്ട് അദ്ദേഹത്തിന് എന്താണ് ലഭിച്ചത്. അദ്ദേഹത്തിന് നേരെ വിരലുകള്‍ ഉയരുക മാത്രമാണ് ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല”” എന്നാണ് കങ്കണയുടെ ട്വീറ്റ്.
മോദി സര്‍ക്കാരിനെ പിന്തുണച്ച് കൊണ്ടുള്ള കങ്കണയുടെ ട്വീറ്റുകള്‍ നേരത്തെയും ശ്രദ്ധ നേടാറുണ്ട്. കങ്കണയുടെ മിക്ക ട്വീറ്റുകളും വിവാദങ്ങളായി മാറാറുണ്ട്. “സംഘി എന്നതില്‍ അഭിമാനിക്കുന്നു. ഭാരതത്തിന്റെ വീരപുത്രന്‍ മോദി”” എന്നായിരുന്നു കങ്കണ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
അതേസമയം, ഞായറാഴ്ച നടന്ന പ്രധാമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കൊവിഡ് അതിവേഗം വ്യാപിക്കുകയാണ്. 24 മണിക്കൂറിനിടെ 3.49 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2767 കോവിഡ് രോഗികള്‍ കൂടി മരിച്ചു.