'കരണ്‍ അതിഥികള്‍ക്ക് വിളമ്പുന്നത് വിഷം' - തുറന്നടിച്ച് കങ്കണ

കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ തുടങ്ങിയ കരണ്‍- കങ്കണ വാക് പോര് വീണ്ടും മുറുകുന്നു. കരണ്‍ വേര്‍തിരിവ് കാണിക്കുന്നുവെന്ന കങ്കണയുടെ ആരോപണമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇപ്പോള്‍ കരണ്‍ ജോഹര്‍ തന്റെ അതിഥികള്‍ക്ക് വിഷമാണ് വിളമ്പുന്നതെന്ന നടിയുടെ വാക്കുകളാണ് ചര്‍ച്ചാവിഷയമാകുന്നത്.

കരണും രോഹിത് ഷെട്ടിയും വിധികര്‍ത്താക്കളായെത്തിയ “ഇന്ത്യാ നെക്‌സ്റ്റ് സൂപ്പര്‍ സ്റ്റാര്‍” എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി കങ്കണ എത്തിയിരുന്നു. പരിപാടിയിലെ ഗെയിം ഷോയില്‍ കരണ്‍ തന്റെ അതിഥികള്‍ക്ക് എന്താണ് നല്‍കുന്നത് എന്ന ചോദ്യത്തിനുത്തരമായാണ് കങ്കണ ഈ മറുപടി നല്‍കിയത്. എന്തായാലും വരും ദിവസങ്ങളില്‍ ഈ സംഭവം ബോളിവുഡില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുമെന്നാണ് സൂചന.

മുന്‍പ് ഐ. ഐ. എഫ് . എ അവാര്‍ഡ് പരിപാടിയ്ക്കിടയില്‍ കങ്കണയുടെ കുടുംബമഹിമയെ അധിക്ഷേപിച്ച് കരണ്‍ ജോഹറും സെയ്ഫ് അലി ഖാനും വരുണ്‍ ധവാനും സംസാരിച്ചിരുന്നു. എന്നാല്‍ നടന്മാരുടെ മക്കള്‍ക്ക് അവരുടെ പാതപിന്തുടര്‍ന്ന് സിനിമയിലെത്താമെങ്കില്‍ താന്‍ കൃഷിക്കാരിയായി തീരുമായിരുന്നു എന്നാണ് നടി പ്രതികരിച്ചത്.