ആളുകള്‍ക്ക് പണം നല്‍കി തിയേറ്ററിലേക്ക് വിടാറുണ്ട്, എന്റെ ആവറേജ് സിനിമകളെ പുകഴ്ത്തി പറയാന്‍ വേണ്ടി; വെളിപ്പെടുത്തി കരണ്‍ ജോഹര്‍

തന്റെ സിനിമകളെ പുകഴ്ത്തി പറയാനായി ആളുകള്‍ക്ക് പണം നല്‍കി തിയേറ്ററിലേക്ക് അയച്ചിട്ടുണ്ടെന്ന് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ആവറേജ് ആയ തന്റെ സിനിമകളെ ഹിറ്റുകളാക്കാന്‍ വേണ്ടി ആയിരുന്നു താന്‍ ഇങ്ങനെ ചെയ്തത് എന്നാണ് കരണ്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വലിയ ശ്രദ്ധ നേടാറുണ്ട്. തന്റെ സിനിമയെ പുകഴ്ത്തി പറയാന്‍ തിയേറ്ററുകളിലേക്ക് ആളുകളെ അയക്കാറുണ്ട്. ഒരു ശരാശരി സിനിമയെ ഹിറ്റായി ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ ചെയ്യുന്ന കാര്യമാണിത്.

ശ്രദ്ധിച്ചാല്‍ മനസിലാകും, സിനിമ തിയേറ്റിന് പുറത്ത് പ്രതികരണങ്ങള്‍ നടത്തുന്നവരില്‍ ചിലര്‍ വൈറലാകാന്‍ വേണ്ടി സംസാരിക്കുന്നു. അതിനിടെ യഥാര്‍ത്ഥ പ്രേക്ഷകര്‍ വഴുതി പോകുന്നു. പലപ്പോഴും പിആര്‍ എന്ന നിലയില്‍ തങ്ങളും സിനിമയെ പുകഴ്ത്താന്‍ ആളുകളെ നിയോഗിക്കാറുണ്ട്.

ഒരു നിര്‍മ്മാതാവെന്ന നിലയില്‍ സിനിമ കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. സിനിമയെ വിമര്‍ശിക്കുന്നവരെ താനും വിമര്‍ശിച്ചേക്കാം. എന്നാല്‍ അവര്‍ ഒരു സിനിമയെ പുകഴ്ത്തുകയാണെങ്കില്‍ താന്‍ അവരെ പിന്തുണയ്ക്കും.

സിനിമ നല്ലതാണെങ്കില്‍ അതിന്റെ ആവശ്യം ഇല്ല. ബോക്സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നുവെങ്കില്‍ കൂടുതല്‍ പബ്ലിസിറ്റി നല്‍കാതെ തനിക്ക് സമാധാനമായി വീട്ടില്‍ ഇരിക്കാം. ശരാശരി സിനിമകളെ മികച്ചതായി ചിത്രീകരിക്കേണ്ട ആവശ്യം വരാറുണ്ട്. അതിന് വേണ്ടി ഒരുപാട് ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരും എന്നാണ് കരണ്‍ ജോഹര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

2023ല്‍ പുറത്തിറങ്ങിയ ‘റോക്കി ആന്‍ഡ് റാണി കി പ്രേം കഹാനി’ എന്ന ചിത്രമാണ് കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്താണ് കരണ്‍ സിനിമയിലേക്ക് എത്തുന്നത്. ചിത്രം നിരവധി അവാര്‍ഡുകളും നേടിയിരുന്നു.