ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വളരെ മോശമായാണ് തന്നെ അനുകരിച്ചത് എന്നാണ് കരണ്‍ പറയുന്നത്. 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത് എന്നാണ് കരണ്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരണിന്റെ പ്രതികരണം. ”ഞാന്‍ എന്റെ അമ്മയ്ക്കൊപ്പം ഇരുന്ന് ടിവി കാണുകയായിരുന്നു. അപ്പോഴാണ് പ്രമുഖ ചാനലിലെ ഒരു റിയാലിറ്റി ഷോ പ്രമോ കാണാന്‍ ഇടയായത്. ഒരു ഹാസ്യതാരം എന്നെ വളരെ മോശം രീതിയില്‍ അനുകരിക്കുകയാണ്.”

”ട്രോളുകളില്‍ നിന്നും മുഖവും പേരുമില്ലാത്തവരില്‍ നിന്നുമെല്ലാം ഞാനിത് പ്രതീക്ഷിക്കും. പക്ഷേ 25 വര്‍ഷമായി ഞാന്‍ നില്‍ക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ നിന്നുതന്നെ ഇങ്ങനെയൊരു അപമാനം ഞാന്‍ പ്രതീക്ഷിച്ചില്ല. ഇതില്‍ ഇനിക്ക് ദേഷ്യമല്ല ഉണ്ടായത് സങ്കടമാണ്” എന്നാണ് കരണ്‍ കുറിച്ചിരിക്കുന്നത്.

സോണി ടിവിയിലെ ഹാസ്യ പരിപാടിയിലാണ് കരണിനെ അനുകരിച്ചിരിക്കുന്നത്. നിര്‍മാതാവ് ഏക്ത കപൂറും കരണ്‍ ജോഹറിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയെയാണ് ഇതില്‍ അനുകരിച്ചിരിക്കുന്നത്.

ഹാസ്യതാരമായ കേത്തന്‍ സിങ് ആണ് കരണിനെ അവതരിപ്പിച്ചത്. കരണ്‍ ജോഹറിന്റെ പോസ്റ്റിന് പിന്നാലെ കേത്തന്‍ സിങ് താരത്തോട് ക്ഷമാപണം നടത്തി. താന്‍ കരണിന്റെ ആരാധകനാണെന്നും തന്റെ പ്രവൃത്തി വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ പറയുന്നതായും അദ്ദേഹം കുറിച്ചു.

Read more