അവിശ്വസനീയമായാണ് ‘ഭ്രമയുഗം’ സിനിമ ഒരുക്കിയതെന്ന് ബോളിവുഡ് സംവിധായിക കിരണ്‍ റാവു. ദക്ഷിണേന്ത്യന്‍ സിനിമകളെ പ്രശംസിച്ചു കൊണ്ടാണ് ‘ലാപതാ ലേഡീസ്’ സംവിധായിക രംഗത്തെത്തിയിരിക്കുന്നത്. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡും തെന്നിന്ത്യന്‍ സിനിമകളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കിരണ്‍ റാവു സംസാരിച്ചത്.
താന്‍ ധാരാളം മലയാള സിനിമകള്‍ കാണാറുണ്ട്. സിനിമകള്‍ക്കായി അവര്‍ തിരഞ്ഞെടുക്കുന്ന കഥകള്‍ വളരെ ബോള്‍ഡായി തോന്നുന്നത് എങ്ങനെ എന്നത് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മലയാളത്തില്‍ ഇറങ്ങുന്ന ഹൊറര്‍ സിനിമകളില്‍ പോലും ഇക്കാര്യം പ്രകടമാണ്. മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രം കണ്ടിരുന്നു. കേരളത്തിലെ ഐതിഹ്യങ്ങളും നാടോടിക്കഥകളും ഉപയോഗിച്ച് അവിശ്വസനീയമാംവിധം കലാപാരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
വളരെ വ്യത്യസ്തമായ ആശയമാണിത്. വ്യത്യസ്തമായ കഥകള്‍ പറയുന്നതില്‍ അവര്‍ക്ക് ഒരുതരം ബോധ്യമുണ്ട്. അതാണ് മലയാള സിനിമയെ വലിയ സ്ഥാനത്ത് നിര്‍ത്തുന്നതെന്ന് താന്‍ കരുതുന്നു. ചെറിയ വ്യവസായ മേഖലയാണെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമയിലെ നിര്‍മ്മാതാക്കള്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറുള്ളവരാണ്. അവര്‍ക്ക് സ്വന്തം പ്രേക്ഷകരെ അറിയാം.
സ്വന്തം സംസ്‌കാരം, ഭാഷ, സമൂഹം എന്നിവയെ മാത്രം പരിപാലിക്കുന്ന ചെറിയ വ്യവസായ മേഖലയാണ് എന്ന വസ്തുതയില്‍ നിന്നാണ് അവര്‍ക്ക് ഈ ധൈര്യം കിട്ടുന്നത്. നിര്‍മ്മാതാക്കള്‍ അവരുടെ പ്രേക്ഷകരുമായി വളരെയധികം സമ്പര്‍ക്കം പുലര്‍ത്തുന്നു, പ്രേക്ഷകരെ നന്നായി മനസിലാക്കുന്നു എന്നതാണ് അവിശ്വസനീയമായ കാര്യം. ബോളിവുഡ് വളരെ വലിയ ഇന്‍ഡസ്ട്രിയാണ്.
വിശാലമായ പ്രേക്ഷകരിലേക്കാണ് തങ്ങളുടെ സിനിമ എത്തിക്കേണ്ടതെന്ന് ഇവിടത്തെ ചലച്ചിത്രകാരന്മാര്‍ ഓര്‍ക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ള എന്തെങ്കിലും ചെയ്യണമെന്ന് നിര്‍മാതാക്കള്‍ ആഗ്രഹിക്കുമ്പോഴാണ് അതിനോടകം വിജയിച്ച മറ്റു ഭാഷാ ചിത്രങ്ങളുടെ റീമേക്കുകളിലേക്ക് അവര്‍ പോകുന്നത് എന്നാണ് കിരണ്‍ റാവു പറയുന്നത്.