കിരണ്‍ റാവുവിന്റെ ‘ലാപതാ ലേഡീസ്’ അറബിക് ചിത്രം ‘ബുര്‍ഖ സിറ്റി’യുടെ കോപ്പിയടിയാണെന്ന് ആരോപണം. ബുര്‍ഖ സിറ്റി എന്ന സിനിമയിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രേക്ഷകരില്‍ സംശയമുണ്ടാക്കിയത്. ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകള്‍ക്കിടയില്‍ നവവരന് തന്റെ വധുവിനെ മാറിപ്പോകുന്നതും തുടര്‍ന്ന് വധുവിനെ കണ്ടെത്താനുള്ള അന്വേഷണവുമാണ് ബുര്‍ഖ സിറ്റിയുടെ പ്രമേയം എന്നാണ് വീഡിയോ ക്ലിപ്പില്‍ നിന്നുള്ള വിവരം.
2019ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ഈ വീഡിയോ വൈറലായതോടെ കിരണ്‍ റാവു അറബി സിനിമയില്‍ നിന്നും കോപ്പിയടിച്ചു എന്ന ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ”ബോളിവുഡ് നിര്‍മ്മിക്കുന്ന ഒന്നും തന്നെ ഒരു യഥാര്‍ത്ഥ കലാസൃഷ്ടിയായി തോന്നുന്നില്ല. എല്ലാം നാണമില്ലാതെ കോപ്പി ചെയ്യുന്നതാണ്” എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
”കോപ്പിയടി എന്നത് ഇന്ത്യയില്‍ പുതിയൊരു കാര്യമില്ല. ഇനിയൊന്നും നടക്കില്ല. ഈ സിനിമ ഒറിജിനല്‍ ആണ് എന്നായിരുന്നു എനിക്ക് തോന്നിയിരുന്നത്. അര്‍ജിത് സിംഗിന്റെ ഒരു നല്ല ഗാനമെങ്കിലും ഇതിലുള്ളത് നന്നായി” എന്നാണ് മറ്റൊരാളുടെ കുറിപ്പ്. അതേസമയം, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് ആയിരുന്നു ലാപതാ ലേഡീസ് തിയേറ്ററുകളില്‍ എത്തിയത്.
തിയേറ്ററില്‍ ചലനമുണ്ടാക്കിയില്ലെങ്കിലും ഒടിടിയില്‍ എത്തിയപ്പോള്‍ ഏറെ ശ്രദ്ധ നേടുകയായിരുന്നു. 2025 ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ചിത്രം കൂടിയായിരുന്നു ലാപതാ ലേഡീസ്. സ്പര്‍ശ് ശ്രീവാസ്തവ, നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, രവി കിഷന്‍, ഛായ കദം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഒരു ട്രെയിന്‍ യാത്രയില്‍ പുതുതായി കല്യാണം കഴിഞ്ഞ രണ്ട് സ്ത്രീകള്‍ മാറിപ്പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ലാപതാ ലേഡീസിന്റെ പ്രമേയം. ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം 25കോടിയിലേറെ കലക്ഷന്‍ നേടിയിരുന്നു.