അക്ഷയ് കുമാര്‍ നായകനാകുന്ന “ലക്ഷ്മി ബോംബ്” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. രാഘവ ലോറന്‍സിന്റെ കാഞ്ചന സിനിമയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. ഭയവും തമാശയും കലര്‍ന്ന അക്ഷയുടെ ട്രാന്‍സ്‌ജെന്‍ഡറായുള്ള പരിവര്‍ത്തനമാണ് ശ്രദ്ധേയമാകുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക.
നവംബര്‍ 9-ന് ആണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. മുപ്പത് വര്‍ഷത്തെ തന്റെ കരിയറിലെ തന്നെ ഏറ്റവും തീവ്രമായ റോളാണ് ലക്ഷ്മി ബോംബിലേത് എന്നാണ് അക്ഷയ് കുമാര്‍ കഥാപാത്രത്തെ കുറിച്ച് നേരത്തെ വ്യക്തമാക്കിയത്.
ഇതുപോലൊരു വേഷം ഇതിനു മുമ്പ് ചെയ്തിട്ടില്ലെന്നും ഇതിന്റെ ക്രെഡിറ്റ് മുഴുവനും സംവിധായകന്‍ രാഘവ ലോറന്‍സിനാണെന്നും അക്ഷയ് പറഞ്ഞിരുന്നു. ഹൊറര്‍-കോമഡി ത്രില്ലറായി ഒരുക്കിയ കാഞ്ചന സിനിമയ്ക്ക് മൂന്ന് ഭാഗങ്ങള്‍ ലോറന്‍സ് ഒരുക്കിയിരുന്നു.
ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ കന്നഡ റീമേക്കും ശ്രീലങ്കന്‍ റീമേക്കും എത്തിയിരുന്നു. ബെല്‍ ബോട്ടം ആണ് അക്ഷയ് കുമാറിന്റെതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. കോവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി പൂര്‍ത്തീകരിച്ച ആദ്യ ബോളിവുഡ് ചിത്രമാണിത്. അടുത്ത വര്‍ഷമാണ് ചിത്രം റിലീസ് ചെയ്യുക.