രജനികാന്തിനൊപ്പമുള്ള സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെയാണ് തനിക്ക് തെന്നിന്ത്യന്‍ സിനിമകളില്‍ അവസരം കുറഞ്ഞതെന്ന് ബോളിവുഡ് താരം മനീഷ കൊയ്രാള. രജനികാന്തിന്റെ ‘ബാബ’ എന്ന പരാജയ ചിത്രത്തില്‍ മനീഷ ആയിരുന്നു നായിക.
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ് ബാബ. 2002-ലാണ് ഏറെ പ്രതീക്ഷയോടെ ബാബ റിലീസ് ആയത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.
”ബാബയുടെ പരാജയത്തിന് പിന്നാലെ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. സിനിമയുടെ മേല്‍ അത്രയ്ക്ക് പ്രതീക്ഷകളുണ്ടായിരുന്നു. ബാബ ഇറങ്ങുന്നതിന് മുമ്പ് തനിക്ക് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. ബാബ ആയിരുന്നു തമിഴിലെ തന്റെ ഒടുവിലത്തെ വലിയ ചിത്രം.”
”എന്നാല്‍ 20 വര്‍ഷത്തിന് ശേഷം ചിത്രം റീ റിലീസ് ചെയ്തപ്പോള്‍ ഹിറ്റ് ആയി” എന്നാണ് മനീഷ പറയുന്നത്. 2022ല്‍ റീറിലീസ് ചെയ്ത് ബാബ മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. രജനികാന്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു റീ റിലീസ്.
‘ബോംബെ’, ‘ഇന്ത്യന്‍’, ‘മുതല്‍വന്‍’ എന്നിവയാണ് മനീഷ കൊയ്രാളയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഒരുപാട് കാലം സിനിമയില്‍ നിന്നും മനീഷ വിട്ടു നിന്നിരുന്നു. കാര്‍ത്തിക് ആര്യന്‍ നായകനായെത്തിയ ‘ഷെഹ്സാദ’യാണ് മനീഷയുടെ ഏറ്റവും പുതിയ ചിത്രം.