ബോളിവുഡ് താരം മനോജ് ബാജ്‌പേയി ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായി പശ്ചിമ ചമ്പാരന്‍ മണ്ഡലത്തില്‍ നിന്ന് മനോജ് ബാജ്‌പേയി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായാണ് മാധ്യമങ്ങളില്‍ എത്തുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ വാര്‍ത്തകളില്‍ യാതൊരു വസ്തുതയും ഇല്ലെന്ന് മനോജ് ബാജ്‌പേയി പ്രതികരിച്ചു. ”ആരാണ് ഇക്കാര്യം നിങ്ങളോട് പറഞ്ഞത്? അല്ലെങ്കില്‍ ഇന്നലെ നിങ്ങള്‍ ഇതിനെ കുറിച്ച് സ്വപ്‌നം കണ്ടതാണോ?” എന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.
മുമ്പും മനോജ് ബാജ്‌പേയി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ താരം തന്നെ അത് തള്ളിക്കളയുകയും ചെയ്തിരുന്നു. താന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ചേരില്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.
ഒരിക്കല്‍ ബീഹാര്‍ സന്ദര്‍ശിച്ചപ്പോള്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിനെയും അദ്ദേഹത്തിന്റെ മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയും നടന്‍ കണ്ടിരുന്നു. അന്ന് മുതലാണ് നടന്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
”ഞാന്‍ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് 200 ശതമാനം ഉറപ്പുണ്ട്. രാഷ്ട്രീയത്തില്‍ ചേരുന്നതിനെ കുറിച്ചുള്ള ചോദ്യമേ ഉദിക്കുന്നില്ല” എന്നായിരുന്നു മനോജ് വാജ്പേയുടെ പ്രതികരണം. ”ഞാന്‍ ഒരു നടനാണ്, ഒരു അഭിനേതാവായി മാത്രം തുടരും..” എന്നായിരുന്നു മനോജ് ബാജ്‌പേയി പറഞ്ഞത്.