സല്‍മാന്‍ഖാനോട് 'നോ' പറഞ്ഞ് ലോകസുന്ദരി മാനുഷി ചില്ലാര്‍

ബോളിവുഡിലെ ഖാന്‍ത്രയങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം തള്ളിക്കളയുന്ന നടിമാര്‍ കുറവായിരിക്കും. എന്നാല്‍ ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലാര്‍ ഖാന്‍ത്രയങ്ങളില്‍ ഒരാളായ സല്‍മാന്‍ ഖാനോട് “നോ” പറഞ്ഞിരിക്കുകയാണ്. വിജയചിത്രങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന സല്‍മാന്‍റെ ചിത്രത്തിലേക്കുള്ള അവസരമാണ് മാനുഷി വേണ്ടെന്നു വച്ചിരിക്കുന്നത്.

പഠനം പൂര്‍ത്തിയാക്കാതെ സിനിമയിലേക്കില്ലെന്ന തീരുമാനമാണ് സല്‍മാനോട് “നോ” പറയാന്‍ ലോകസുന്ദരിയെ പ്രേരിപ്പിച്ചത്. തന്റെ ബോളിവുഡ് പ്രവേശനം കാത്തിരിക്കുന്ന ആരാധകരോടും മാനുഷിയ്ക്ക് പറയാനുള്ളത് ഇത് തന്നെയാണ്. ഡോക്ടര്‍ ബിരുദം സ്വന്തമാക്കുകയാണ് ആദ്യ ലക്ഷ്യം.

നല്ലൊരു ഡോക്ടറാവണമെങ്കില്‍ നല്ലൊരു അഭിനേതാവ് കൂടിയാവണമെന്ന അച്ഛന്റെ വാക്കുകളാണ് എപ്പോഴും ഓര്‍ക്കാറുള്ളതെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ മാനുഷി പറഞ്ഞിരുന്നു. ബോളിവുഡ് അരങ്ങേറ്റത്തിന്റെ കാര്യത്തില്‍ അഭിനയം വേണ്ട, മെഡിസിന്‍ പഠനം മതിയെന്ന് പ്രഖ്യാപിച്ച, ലോകസുന്ദരിപ്പട്ടം ചൂടിയ ആദ്യ ഇന്ത്യക്കാരിയായ റീത ഫാരിയയാണ് മാനുഷിയുടെ മാതൃക.

മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമീര്‍ ഖാനോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാനുഷി വെളിപ്പെടുത്തിയിരുന്നു.

Read more

ആമിര്‍ ഖാനൊപ്പം ജോലി ചെയ്യുക എന്നത് ഒരു സ്വപ്നമായിരുന്നു. എന്നെങ്കിലും സിനിമാരംഗത്ത് എത്തിയാല്‍ ആമിറിനൊപ്പമാവണമെന്നാണ് ആഗ്രഹം.സമകാലിക പ്രസക്തിയുള്ളതും സാമൂഹ്യ പ്രതിബദ്ധതയുള്ളതുമായ ചിത്രങ്ങളാണ് ആമീര്‍ ചെയ്യുന്നതെന്നും അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാനാണ് തന്റെ ആഗ്രഹമെന്നും ലോക സുന്ദരി പട്ടം ലഭിച്ചതിന് ശേഷം മാനുഷി പറഞ്ഞിരുന്നു.