ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ടി വന്നിട്ടുണ്ട്, നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടു.. ആരും എന്റെ ജീവിതം സിനിമയാക്കരുത്: മിഥുന്‍ ചക്രവര്‍ത്തി

ബയോപിക് ഇന്‍ഡസ്ട്രി എന്ന പേരാണ് ഇന്ന് ബോളിവുഡിന്. കാരണം നിരവധി ബയോപിക്കുകളാണ് ബോളിവുഡില്‍ ഒരുങ്ങുന്നത്. എന്നാല്‍ തന്റെ ജീവിതം ആരും സിനിമ ആക്കരുതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി.

ജീവിതത്തില്‍ താന്‍ അനുഭവിച്ചതുപോലെ വേറൊരാള്‍ക്കും സംഭവിക്കരുതെന്ന് താരം പറയുന്നു. തൊലിയുടെ നിറത്തിന്റെ പേരില്‍ പലപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തില്‍ കഷ്ടപ്പാടുകളുണ്ടാവും. പക്ഷേ നിറത്തിന്റെ പേരില്‍ വര്‍ഷങ്ങളോളമാണ് അപമാനിതനായി കഴിയേണ്ടി വന്നിട്ടുള്ളത്.

ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ടി വന്നിട്ടുണ്ട്. പല രാത്രികളിലും കരഞ്ഞിട്ടുണ്ട്. അടുത്ത ദിവസം എന്ത് കഴിക്കുമെന്നും എവിടെ കിടക്കുമെന്നും ചിന്തിച്ച ദിവസങ്ങളുണ്ട്. ഒരുപാട് ദിവസങ്ങള്‍ റോഡരികില്‍ കിടന്നിട്ടുണ്ട്. അതുകൊണ്ടാണ് തന്റെ ജീവിതം ആസ്പദമാക്കി സിനിമ എടുക്കേണ്ടെന്ന് പറയാനുള്ള കാരണം.

തന്റെ കഥ ആരെയും പ്രചോദിപ്പിക്കില്ല. അത് അവരെ മാനസികമായി തകര്‍ക്കുകയും സ്വപ്നങ്ങള്‍ നേടി എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. അങ്ങനെ നടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറയുന്നത്. നിലവില്‍ ടെലിവിഷന്‍ ഷോകളില്‍ സജീവമാണ് താരം.