നടനും ബിജെപി പ്രവര്‍ത്തകനുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി ആശുപത്രി. മിഥുന്‍ ചക്രവര്‍ത്തിക്ക് തലച്ചോറിലെ അസ്‌കിമിക് സെറിബ്രോവാസ്‌കുലര്‍ ആക്സിഡന്റ് (സ്‌ട്രോക്ക്) ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വലത് ഭാഗത്തെ കൈകാലുകള്‍ക്ക് തളര്‍ച്ച നേരിട്ട രീതിയിലാണ് താരത്തെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. നിലവില്‍ ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷണത്തിലാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ അവാര്‍ഡ് ജേതാവായ മിഥുന്‍ ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്തയിലെ അപ്പോളോ മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവേശിപ്പിച്ചത്. കൈകാലുകള്‍ക്ക് ബലക്കുറവോടെയാണ് താരത്തെ ആശുപത്രിയില്‍ 9.40 ഓടെ പ്രവേശിപ്പിച്ചത്.
നടന്‍ ഇപ്പോള്‍ പൂര്‍ണ്ണ ബോധത്തില്‍ തന്നെയാണ് ഉള്ളത്. ഭക്ഷണത്തോടും മരുന്നിനോടും പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. ഒരു ന്യൂറോ ഫിസിഷ്യന്‍, കാര്‍ഡിയോളജിസ്റ്റ്, ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് എന്നിവരുള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഒരു സംഘമാണ് അദ്ദേഹത്തെ നോക്കുന്നത് എന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഈയടുത്ത് പത്മഭൂഷണ്‍ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തിക്ക് ലഭിച്ചിരുന്നു. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം ‘കാബൂളിവാല’യിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ ജഡ്ജ് ആയും താരം എത്താറുണ്ട്.