സിനിമയില്‍ തന്നെ പിന്തുണയ്ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ പലപ്പോഴും തനിക്ക് അവഗണനയും പരിഹാസങ്ങളുമെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് യുവനടി മൃണാല്‍ ഠാക്കൂര്‍. ആ സമയത്ത് തനിക്ക് പ്രചോദനമായി മാറിയത് അച്ഛനും അമ്മയും പറഞ്ഞ വാക്കുകളും താരം വെളിപ്പെടുത്തി. തന്റെ ജീവിതത്തില്‍ താനേറ്റവും കടപ്പെട്ടിരിക്കുന്നത് അച്ഛനോടും അമ്മയോടുമാണെന്നും അവര്‍ ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്ത് എന്നോട് പലപ്പോഴും മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ വീട്ടില്‍ വന്ന് കരയുമായിരുന്നു. എനിക്കിതൊന്നും ഇഷ്ടമാകുന്നില്ലെന്ന് ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. അവര്‍ പറഞ്ഞത് പത്ത് വര്‍ഷം അപ്പുറത്തെ കാര്യങ്ങള്‍ ചിന്തിക്കാനാണ്. നിന്നെ കണ്ട് ആളുകള്‍ക്ക് പ്രചോദനം തോന്നും. അവള്‍ക്ക് സാധിക്കുമെങ്കില്‍ എനിക്കും സാധിക്കുമെന്ന് തോന്നും” എന്നായിരുന്നു മൃണാല്‍ പറഞ്ഞത്.
”എന്റെ അച്ഛനോടും അമ്മയോടും ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്റെ പക്കല്‍ ഇല്ലാതിരുന്ന കാര്യങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പഠിപ്പിച്ചത് അവരാണ്. അതിന് ഞാനവരോട് കടപ്പെട്ടിരിക്കുന്നു” എന്നും മൃണാല്‍ പറഞ്ഞു. ടെലിവിഷനിലൂടെയാണ് മൃണാല്‍ ശ്രദ്ധ നേടുന്നത്. ഖാമോഷിയാന്‍, കുംകും ഭാഗ്യ തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് ആരാധകരെ സ്വന്തമാക്കുകയായിരുന്നു മൃണാല്‍.
പിന്നീടാണ് മൃണാല്‍ ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കുള്ള വരവറിയിച്ചു. പിന്നാലെ ഹൃത്വിക് റോഷന്‍് നായകനായ സൂപ്പര്‍ 30യിലെ നായികയായി മാറി മൃണാല്‍. ഈ ചിത്രത്തിലെ പ്രകടനം മൃണാലിനെ താരമാക്കി മാറ്റുകയായിരുന്നു.