നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ കരണത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. കങ്കണയ്ക്ക് പിന്തുണയുമായി നടി ശബാന ആസ്മി, അനുപം ഖേര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗറിന് ജോലി വാഗ്ദാനം ചെയ്ത് ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദഡ്‌ലാനി രംഗത്തെത്തിയിരുന്നു. ഇതിനിടെ ടെലിവിഷന്‍ താരം നകുല്‍ മെഹ്തയുടെ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്.
സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗറിന്റെ ബയോപികില്‍ ആര് അഭിനയിക്കും എന്നായിരുന്നു മെഹ്തയുടെ ചോദ്യം. പിന്നാലെ നടനെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ പേര്‍ കമന്റുകളുമായെത്തി. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തല്ലുന്നതിനെ അനുകൂലിക്കുന്നത് മോശം മാനസികാവസ്ഥയാണെന്ന് ചിലര്‍ കുറിച്ചു.
ശ്രദ്ധപിടിച്ചു പറ്റുന്നതിന് വേണ്ടിയാണ് മെഹ്ത ശ്രമിക്കുന്നത് എന്നാണ് മറ്റൊരു വിഭാഗം പ്രതികരിക്കുന്നത്. എന്നാല്‍ കുല്‍വിന്ദര്‍ കൗറിനെ അനുകൂലിക്കുന്നവര്‍ മെഹ്തയുടെ പ്രതികരണത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്. സമരം ചെയ്യുന്ന കര്‍ഷകരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനാണ് താന്‍ കങ്കണയെ മര്‍ദിച്ചത് എന്നായിരുന്നു കൗര്‍ പറഞ്ഞത്.
തന്റെ അമ്മയും സമരവേദിയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുല്‍വിന്ദര്‍ കൗറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ ഉയര്‍ന്നുവരുന്ന ഭീകരവാദത്തില്‍ ആശങ്കയുണ്ട് എന്നായിരുന്നു ഡല്‍ഹിയിലെത്തിയ ശേഷം സംഭവത്തോട് കങ്കണ പ്രതികരിച്ചത്.