നടി രാകുല്‍ പ്രീത് സിങിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ചാനലുകള്‍ താരത്തോട് മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി (എന്‍ബിഎസ്എ). സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നടിയെ അനാവശ്യമായി ഉള്‍പ്പെടുത്തിയതിന് എതിരെയാണ് നടപടി.
സീ ന്യൂസ്, സീ 24, സീ ഹിന്ദുസ്ഥാനി എന്നീ ചാനലുകളോടാണ് ഡിസംബര്‍ 17ന് മാപ്പ് പറയുന്നത് പ്രക്ഷേപണം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ടൈംസ് നൗ, ഇന്ത്യ ടിവി, ഇന്ത്യ ടുഡെ, ന്യൂസ് ആക്ഷന്‍, ആജ് തക്, എബിപി ന്യൂസ് എന്നീ ചാനലുകളോട് സുശാന്തുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യാനും ആവശ്യപ്പെട്ടു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ രാകുലിനെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെതിരെ താരം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തി മയക്കുമരുന്ന് കേസില്‍ രാകുലിന്റെ പേര് പറഞ്ഞു എന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.
രാകുലിന്റെ പേര് പറഞ്ഞില്ലെന്ന് റിയ പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി എന്‍ബിഎസ്എയോട് വ്യാജ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. വാര്‍ത്തകളിലെ തലക്കെട്ടുകളും ഹാഷ്ടാഗുകളും രാകുല്‍ കുറ്റാരോപിതയാണെന്ന് തോന്നിക്കുന്നവയും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്.
വസ്തുതാ വിരുദ്ധവും വ്യക്തികളെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാര്‍ത്തകളും ചാനലുകളില്‍ പ്രക്ഷേപണം ചെയ്യാന്‍ പാടില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യരുതെന്നും എന്‍ബിഎസ്എ വ്യക്തമാക്കി.