200കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം നോറ ഫത്തേഹിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച്ച നടന്ന ചോദ്യം ചെയ്യൽ നാലുമണിക്കൂർ നീണ്ടു. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് നോറ ഫത്തേഹിയെ ചോദ്യം ചെയ്തത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ സുകേഷ് ചന്ദ്രശേഖറിനെയും ഫത്തേഹിയെയും ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു.
ഇ.ഡിയുടെ കുറ്റപത്രത്തിന്റെ ഭാഗമായാണ് വീണ്ടും നോറയെ ചോദ്യം ചെയ്തത്. 2020 ഡിസംബർ 12നു മുമ്പ് സുകേഷുമായി ഫോണിൽ സംസാരിച്ചുവെന്ന കാര്യം നോറ ഫത്തേഹി നിഷേധിച്ചു. തട്ടിപ്പു നടത്തിയതിന്റെ രണ്ടാഴ്ച മുമ്പ് നോറയുമായി സംസാരിച്ചുവെന്നാണ് സുകേഷ് മൊഴി നൽകിയത്. നോറക്ക് സുകേഷ് ആഡംബര കാർ സമ്മാനമായി നൽകിയ കാര്യവും അന്വേഷണ സംഘം ചോദിച്ചു.
കാർ നൽകാമെന്ന് സുകേഷ് പറഞ്ഞിരുന്നുവെന്നും എന്നാൽ പിന്നീടത് ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും പറഞ്ഞു. അതേസമയം സാമ്പത്തിക തട്ടിപ്പു കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഇ.ഡി പ്രതി ചേര്‍ത്തിരുന്നു. സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്‍റെ ഗുണഭോക്താവായിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 215 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ നേരത്തെ അറസ്റ്റിലായത്.
സുകേഷിൻ്റെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്.