തന്റെ പേര് മാറ്റാനുണ്ടായ രസകരമായ കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ പങ്കജ് ത്രിപാഠി. ബോളിവുഡില്‍ കോമഡി റോളുകളില്‍ എത്തി ഗൗരവമായ വേഷങ്ങളിലേക്ക് ചേക്കേറിയ താരമാണ് പങ്കജ് ത്രിപാഠി. നിലവില്‍ അടല്‍ ബിഹാരി ബാജ്‌പേയുടെ ബയോപിക് ആയ ‘മേം അടല്‍ ഹൂം’ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരം.
പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പങ്കജ് ത്രിപാഠി സംസാരിച്ചത്. ”ചരിത്രത്തില്‍ ആദ്യമായിട്ട് ആയിരിക്കും പിതാവിന് തന്റെ മകനില്‍ നിന്നും ഒരു പേര് ലഭിക്കുന്നത്. ഞാന്‍ പത്താം ക്ലാസിലെ അഡ്മിറ്റ് കാര്‍ഡ് പൂരിക്കുമ്പോള്‍, എന്റെ അമ്മാവന്‍ വന്ന് എന്നോട് ത്രിപാഠി എന്ന് പേര് ചേര്‍ക്കാന്‍ പറഞ്ഞു.”
”ത്രിപാഠി എന്ന് പേരുള്ള ഒരു ബാബ ഉണ്ടായിരുന്നു, അദ്ദേഹം ഹിന്ദി പ്രൊഫസര്‍ ആയിരുന്നു. പങ്കജ് തിവാരി എന്നായിരുന്നു എന്റെ പേര്. തിവാരി എന്ന് പേരുള്ളവര്‍ ഒന്നുകില്‍ പുരോഹിതരോ കൃഷിക്കാരോ ആയിരുന്നു. അത് കുടുംബപ്പേര് അങ്ങനെ ആയതു കൊണ്ടാണെന്ന് ഞാന്‍ വിചാരിച്ചു.”
”അങ്ങനെ ഞാന്‍ എന്റെ പേര് മാറ്റാന്‍ തീരുമാനിച്ചു. എന്റെ പേര് ത്രിപാഠി എന്ന് മാറ്റി എഴുതി” എന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്. അതേസമയം, ‘മേം അടല്‍ ഹൂം’ ജനുവരി 19ന് ആണ് റിലീസിന് ഒരുങ്ങുന്നത്. രവി ജാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാജ്‌പേയി ആയുള്ള പങ്കജ് ത്രിപാഠിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.