സല്മാന് ഖാന്‍-രശ്മിക മന്ദാന ചിത്രത്തിന് തിയേറ്ററില്‍ നിന്നും മോശം പ്രതികരണം. ഓപ്പണിങ് ദിനത്തില്‍ സല്‍മാന് തിയേറ്ററില്‍ കാലിടറി എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടോടി എന്ന തരത്തിലുള്ള ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
2.2 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ സിക്കന്ദറിന്റെതായി ഇതുവരെ വിറ്റു പോയത്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ മാത്രം 6.46 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. 8000 ഷോകളാണ് ചിത്രത്തിന്റെതായി നടന്നത്. അതുകൊണ്ട് തന്നെ ആദ്യ ദിന കളക്ഷനില്‍ സിക്കന്ദര്‍ നേട്ടമുണ്ടാക്കാനാണ് സാധ്യത. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ കുത്തനെ കുറയും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.
അതേസമയം, തിയേറ്ററിലേക്കുള്ള സല്‍മാന്‍ ഖാന്റെ പവര്‍ പാക്ക്ഡ് എന്‍ട്രിക്ക് മുന്നേ തന്നെ സിക്കന്ദര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ശനിയാഴ്ച അര്‍ധരാത്രിമുതലേ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ ഫുള്‍ എച്ച്ഡി പ്രിന്റ് ആണ് ഓണ്‍ലൈനില്‍ എത്തിയത്.
എവിടെ നിന്നാണ് ചിത്രം ചോര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പൊലീസിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. എആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം 200 കോടി ബജറ്റിലാണ് ഒരുക്കിയത്. കാജല്‍ അഗര്‍വാള്‍, സത്യരാജ്, ശര്‍മന്‍ ജോഷി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.