നടി പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിംഗിനിടെ പരിക്ക്. മുഖത്ത് മണ്ണ് പറ്റിയതും ചോര ഒലിപ്പിച്ചുള്ളതുമായ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമിന്റെ സിറ്റഡല്‍ എന്ന സീരിസിന്റെ ചിത്രീകരണത്തിനായി ലണ്ടനിലാണ് താരം ഇപ്പോഴുള്ളത്.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിറ്റഡല്‍ നിര്‍മ്മിക്കുന്നത് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം സൃഷ്ടാക്കളായ റൂസോ ബ്രദേര്‍സ് ആണ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായാണ് ചോര ഒലിപ്പിച്ചു കൊണ്ടുള്ള ചിത്രം പ്രിയങ്ക പങ്കുവച്ചത്. ചിത്രത്തിനൊപ്പം ആരാധകര്‍ക്കായി ഒരു ചോദ്യവും പ്രിയങ്ക നല്‍കിയിരുന്നു.
ചിത്രത്തില്‍ യഥാര്‍ത്ഥ പരിക്കും സിനിമയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്തതും ഏതാണ് എന്നായിരുന്നു ചോദ്യം. മുഖത്ത് കവിളിലും നെറ്റിയിലും ചോരയൊലിക്കുന്ന ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. കവിളിലുള്ളത് യഥാര്‍ത്ഥ മുറിവാണെന്നും നെറ്റിയിലേത് മേക്കപ്പ് ആണെന്നും പലരും മറുപടി നല്‍കി.
എന്നാല്‍, നെറ്റിയിലേറ്റ മുറിവ് യഥാര്‍ത്ഥത്തിലുള്ളതാണെന്നും കവിളില്‍ ഫെയ്ക്ക് മുറിവാണെന്നും താരം മറ്റൊരു ചിത്രത്തിലൂടെ വ്യക്തമാക്കി. പ്രിയങ്കയുടെ വെബ് സീരീസ് അരങ്ങേറ്റം കൂടിയാണ് സിറ്റഡല്‍. ഗെയിം ഓഫ് ത്രോണ്‍സ് താരം റിച്ചാര്‍ഡ് മാഡനും സീരിസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.