22 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യമായി തുല്യ വേതനം ലഭിച്ചെന്ന് നടി പ്രിയങ്ക ചോപ്ര. സിറ്റഡല്‍ എന്ന സ്‌പൈ ത്രില്ലറിനെ കുറിച്ച് സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. നായകന് ലഭിച്ച അതേ പ്രതിഫലം തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നത് എന്നാണ് പ്രിയങ്ക പറയുന്നത്.
”ഇത് തുറന്നു പറയുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ കുഴപ്പത്തിലായേക്കാം. 22 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ ഇതുവരെ 70 ചിത്രങ്ങളിലും 2 ടെലിവിഷന്‍ ഷോകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ കരിയറില്‍ ആദ്യമായാണ് എനിക്ക് തുല്യ വേതനം ലഭിക്കുന്നത്. സിറ്റാഡല്‍ ചെയ്തപ്പോള്‍ നായകന് ലഭിച്ച അതേ പ്രതിഫലമാണ് എനിക്കും ലഭിച്ചത്.”
”സാധരണ നായകനൊപ്പം തന്നെ ഞാനും ജോലി ചെയ്യാറുണ്ട്. എന്നാല്‍ എനിക്ക് കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിച്ചിരുന്നത്. ‘നിങ്ങള്‍ സഹപ്രവര്‍ത്തകരാണ്, നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു’ എന്നാണ് ആമസോണ്‍ സ്റ്റുഡിയോസ് എന്നോട് പറഞ്ഞത്” എന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.
അതേസമയം, റിച്ചാര്‍ഡ് മാഡന്‍, സ്റ്റാന്‍ലി ടുച്ചി, ലെസ്‌ലി മാന്‍വില്ലെ എന്നീ ഹോളിവുഡ് താരങ്ങളാണ് പ്രിയങ്കയ്‌ക്കൊപ്പം സിറ്റഡലില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഏപ്രില്‍ 28ന് ആണ് ഈ സീരിസ് റിലീസ് ചെയ്യുന്നത്. സീരിസില്‍ നാദിയ സിന്‍ഹ് എന്ന ഏജന്റായാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുക.
സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റാഡലിന്റെ പതനത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഏജന്റ് ആണ് നാദിയ. റൂസോ ബ്രദേഴ്‌സ് സൃഷ്ടിച്ച സയന്‍സ് ഫിക്ഷന്‍ സ്‌പൈ ത്രില്ലറിന് വിവിധ രാജ്യങ്ങളില്‍ ഒന്നിലധികം സ്പിന്‍ഓഫുകള്‍ ഉണ്ടാകും. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആന്‍ഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യന്‍ സ്പിന്‍ഓഫ് സംവിധാനം ചെയ്യുന്നത്.