ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസുകളിലും ഇഡി റെയ്ഡ്. അശ്ലീല വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ ഭാഗമായിട്ടാണ് പരിശോധന. കുന്ദ്രയിലെ ജുഹുവിലുള്ള വീട് ഉള്‍പ്പെടെ 15 ഇടങ്ങളിലായിരുന്നു പരിശോധന.
2021 ജൂലൈയില്‍ വെബ് സീരീസില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് അശ്ലീലചിത്രീകരണത്തിന് നിര്‍ബന്ധിച്ചതായി നാല് സ്ത്രീകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 സെപ്റ്റംബറിലാണ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് മോചിതനായി.
മൊബൈല്‍ ആപ് വഴി രതിചിത്രവിപണനം, ഇന്ത്യയില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ വിദേശത്ത് വിറ്റഴിക്കല്‍ എന്നിവ വഴി വന്‍തോതില്‍ പണം സമ്പാദിച്ചു എന്നാണ് ആരോപണത്തെ തുടര്‍ന്ന് 2022ലും രാജ് കുന്ദ്രയ്‌ക്കെതിരെ ഇഡി കേസ് എടുത്തിരുന്നു. ഹോട്ട്ഷോട്ട്സ് എന്ന ആപ്പ് ആണ് രാജ് കുന്ദ്രയുടേത്.
ഇഡി നടത്തിയ അന്വേഷണത്തില്‍ ആംസ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന പ്രൊഡക്ഷന്‍ കമ്പനിയെ കുറിച്ചും ഹോട്ട്ഷോട്ട്സ് എന്ന ആപ്പിനെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തുകയായിരുന്നു. 2019ല്‍ തുടക്കം കുറിച്ച ഈ കമ്പനി വഴി, ഹോട്ട്ഷോട്ട്സ് എന്ന ആപ്പിലൂടെ രാജ് കുന്ദ്ര അശ്ലീലചിത്രം നിര്‍മ്മിച്ച് വിതരണം ചെയ്തെന്നാണ് ഇഡി കണ്ടെത്തിയത്.
ആപ്പിളിലും ഗൂഗിളിലും ഉള്‍പ്പടെ ലഭ്യമായിരുന്ന ഈ ആപ്പ് പിന്നീട് യുകെ ആസ്ഥാനമായുള്ള കെന്റിന്‍ എന്ന കമ്പനിക്ക് വിറ്റിരുന്നു. 119 അശ്ലീലചിത്രങ്ങള്‍ 1.2 മില്യണ്‍ യുഎസ് ഡോളറിന് വില്‍ക്കാന്‍ ശ്രമിച്ചതിന്റെ നിര്‍ണായക രേഖകള്‍ കണ്ടെത്തിയിരുന്നു. ആപ്പിന്റെ ഉടമസ്ഥാവകാശം കൈമാറിയത്, ഈ കള്ളപ്പണത്തിന്റെ ഉറവിടം മറയ്ക്കാനായിരുന്നു എന്നാണ് ഇഡിയുടെ വിലയിരുത്തല്‍.
സിനിമയില്‍ എത്താന്‍ അവസരം തേടി നടക്കുന്നവരാണ് ഹോട്ട്സ്ഷോട്ട്സിലെ അഭിനേതാക്കളായത്. വെബ് സീരിസ് ഓഡീഷന്‍ എന്ന വ്യാജേന നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ഇവരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. രാജ് കുന്ദ്രയെ കൂടാതെ അഭിനേതാക്കളായ പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര, ഉമേഷ് കാമത്ത് എന്നിവരും കേസില്‍ ആരോപണ വിധേയരാണ്.