അശ്ലീലചിത്ര നിര്‍മ്മാണക്കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര ഇനി ബോളിവുഡില്‍ നായകന്‍. തന്റെ ജീവിതമാണ് രാജ് കുന്ദ്ര സിനിമയാക്കിയിരിക്കുന്നത്. നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ജയിലില്‍ ആയപ്പോഴുള്ള തന്റെ അനുഭവങ്ങളാണ് കുന്ദ്രയുടെ ചിത്രത്തിന്റെ പ്രമേയം.
‘യുടി 69’ എന്ന് പേരിട്ട ചിത്രത്തില്‍ ജയിലിലെ രണ്ട് മാസത്തെ തന്റെ ജീവിതമാണ് കുന്ദ്ര പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് ചിത്രത്തില്‍ കുന്ദ്ര അഭിനയിക്കുന്നത്. ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാനവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ കുന്ദ്രയുടേത് തന്നെയാണ്.
വിക്രം ഭാട്ടി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, 2021 ജൂലൈയിലാണ് രാജ് കുന്ദ്ര പോണോഗ്രാഫി കേസില്‍ അറസ്റ്റിലായത്. 63 ദിവസം ജയലില്‍ കഴിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയത്. പിന്നീട് മാസ്‌ക ധരിച്ചും, സ്വയം മൂടിപൊതിയുന്ന വസ്ത്രങ്ങള്‍ ധരിച്ചുമായിരുന്നു രാജ് കുന്ദ്ര പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ മാസ്‌ക് മാറ്റി കുന്ദ്ര എത്തിയിരുന്നു. ”എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ, പക്ഷെ എന്റെ ഭാര്യയെയും മക്കളെയും വെറുതെ വിടൂ” എന്ന് ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.