ഗോള്‍ഡന്‍ ഗ്ലോബിന് ശേഷം ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്‌സില്‍ മികച്ച അന്യഭാഷ ചിത്രത്തിനുള്ള പുരസ്‌കാരവും ‘ആര്‍ആര്‍ആര്‍’ നേടിയിരിക്കുകയാണ്. അവാര്‍ഡ് നേടിയതിന് പിന്നാലെ സംവിധായകന്‍ എസ്.എസ് രാജമൗലി നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു.
തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില സ്ത്രീകള്‍ക്ക് ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് പ്രസംഗത്തിനിടെ രാജമൗലി പറഞ്ഞിരുന്നു. കോമിക് ബുക്കുകളും കഥകളും വായിക്കാന്‍ പ്രോത്സാഹിപ്പിച്ച അമ്മ, ഭാര്യ രമ, മക്കള്‍ എന്നിവരെ കുറിച്ചെല്ലാം പ്രസംഗത്തില്‍ രാജമൗലി പരാമര്‍ശിച്ചിരുന്നു.
നടി കങ്കണ റണാവത് അടക്കമുള്ള പലരും രാജമൗലിയെ അഭിനന്ദിച്ച് രംഗത്തെത്തുകയാണ്. രാജമൗലി പ്രസംഗിക്കുന്ന വീഡിയോ പങ്കുവച്ചു കൊണ്ടാണ് കങ്കണ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ ശക്തമായ കുടുംബ വ്യവസ്ഥയില്‍ നിന്നും വരുന്നതാണ്, അവരെ ഒരുമിച്ച് നിര്‍ത്തുന്നത് സ്തീകളാണെന്ന് കങ്കണ പറയുന്നു.
”യുഎസ്എ ഉള്‍പ്പടെയുള്ള നിരവധി ഇടങ്ങളില്‍ ഏറ്റവും വിജയം കൈവരിച്ച അല്ലെങ്കില്‍ വരുമാനമുണ്ടാക്കുന്ന സമൂഹം ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഇത് എങ്ങനെയാണെന്ന് പലരും ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ ശക്തമായ കുടുംബ വ്യവസ്ഥയില്‍ നിന്നും വരുന്നവരാണ്.”
”നമുക്ക് കുടുംബങ്ങളില്‍ നിന്ന് വൈകാരികവും സാമ്പത്തികവും മാനസികവുമായ പിന്തുണ ലഭിക്കുന്നു. കുടുംബങ്ങളെ കെട്ടിപ്പടുക്കുന്നതും വളര്‍ത്തുന്നതും ഒരുമിച്ച് നിര്‍ത്തുന്നതുമെല്ലാം സ്ത്രീകളാണ്” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.