ആദ്യ സംവിധാന സംരംഭം പാളിയതോടെ തനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ് രണ്‍ദീപ് ഹൂഡ. തന്റെ പിതാവിന്റെ സ്വത്തുക്കള്‍ വിറ്റാണ് ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ നിര്‍മ്മിച്ചത് എന്നാണ് രണ്‍ദീപ് ഹൂഡ പറയുന്നത്. മാര്‍ച്ച് 22ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ഓപ്പണിംഗ് ദിനത്തില്‍ 1.05 കോടി കളക്ഷന്‍ നേടിയ ചിത്രത്തിന് മികച്ചൊരു തുടക്കം കിട്ടിയെങ്കിലും പിന്നീട് തിയേറ്ററില്‍ ഫ്‌ളോപ്പ് ആവുകയായിരുന്നു. വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം 17.52 കോടി രൂപ മാത്രമാണ് ഇതുവരെ തിയേറ്ററില്‍ നിന്നും നേടിയത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ നിലവാരമുള്ള സിനിമ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നാണ് രണ്‍ദീപ ഹൂഡ പറയുന്നത്.
നിര്‍മ്മാതാക്കളുടെ ടീം നല്ല നിലവാരമുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അവര്‍ക്ക് ഒരു സിനിമ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളു. താന്‍ സംവിധായകന്‍ ആയപ്പോള്‍ ആ നിലവാരം പോര എന്ന് തോന്നി. അതിനാല്‍ പണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ വന്നു.
അച്ഛന്‍ തനിക്ക് വേണ്ടി മുംബൈയില്‍ കുറച്ച് സ്വത്തുക്കള്‍ വാങ്ങിയിരുന്നു. ഈ സിനിമയ്ക്കായി അതെല്ലാം വിറ്റു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഒരിക്കലും മുടങ്ങരുതെന്ന് താന്‍ കരുതി. എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ല എന്നാണ് രണ്‍ദീപ് ഹൂഡ പറയുന്നത്.
അതേസമയം, മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകന്‍. എന്നാല്‍ 2022ല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ രണ്‍ദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് എന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തല്‍.