ഞാന്‍ 25 ലിറ്റര്‍ പാലില്‍ കുളിക്കുകയും റോസപ്പൂ മെത്തയില്‍ ഉറങ്ങുകയും ചെയ്യും, അത് ചോദിച്ചതിന് അവര്‍ സിനിമയില്‍ നിന്നും പുറത്താക്കി: രവി കിഷന്‍

സൂപ്പര്‍ താരപരിവേഷം ലഭിച്ചതോടെ തനിക്ക് അഹങ്കാരം കൂടിയെന്ന് തുറന്നു പറഞ്ഞ് ഭോജ്പുരി നടനും ബിജെപി നേതാവുമായ രവി കിഷന്‍. തന്റെ അഹങ്കാരം കൊണ്ട് മാത്രമാണ് അനുരാഗ് കശ്യപിന്റെ ‘ഗ്യാങ്‌സ് ഓഫ് വസ്സീപൂര്‍’ എന്ന ചിത്രത്തിലെ അവസരം നഷ്ടമായത് എന്നാണ് രവി കിഷന്‍ പറയുന്നത്.

രവി കിഷന്റെ കൂടെ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം കുളിക്കാന്‍ പാലും കിടക്കാന്‍ റോസാപ്പൂ മെത്തയും ചോദിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അഭിമുഖത്തിനിടെ അവതാരകന്‍ പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് താരം സമ്മതിക്കുകയായിരുന്നു.

”അത് ശരിയാണ്. ഞാന്‍ പാലില്‍ കുളിക്കുകയും റോസാപ്പൂ ഇതളുകളില്‍ കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു. സ്വയം വലിയ താരമായാണ് ഞാന്‍ എന്നെ കണ്ടത്. അതിനാല്‍ ഇതൊക്കെ പ്രധാനമാണെന്ന് കരുതി. ഞാന്‍ പാലില്‍ കുളിച്ചാല്‍ ആളുകള്‍ അതിനെ കുറിച്ച് സംസാരിക്കുമെന്ന് ഞാന്‍ കരുതി.”

”എല്ലാ ദിവസവും 25 ലിറ്റര്‍ പാല്‍ ഒരുക്കിത്തരാന്‍ സാധിക്കാത്തതിനാല്‍ അവര്‍ ഗ്യാങ്സ് ഓഫ് വസ്സീപൂരില്‍ അവര്‍ എന്നെ ഉള്‍പ്പെടുത്തിയില്ല. ഇത്തരം ആവശ്യങ്ങള്‍ എന്നെ ബുദ്ധിമുട്ടിച്ചതോടെ ഞാന്‍ അതൊക്കെ നിര്‍ത്തി. ഒന്നുമില്ലായ്മയില്‍ നിന്ന് പെട്ടെന്ന് പണവും പ്രതാപവും ലഭിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിന്റെ പിടിവിട്ടുപോകും.”

Read more

”പ്രത്യേകിച്ച് മുംബൈ പോലെയുള്ള നഗരത്തിന് ആരെയും ഭ്രാന്തനാക്കാന്‍ കഴിയും. ഞാന്‍ സമ്മതിക്കുന്നു, എനിക്കെന്റെ നിയന്ത്രണം നഷ്ടമായി. ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴാണ് ഞാന്‍ മാറിയത്, സാധാരണ രീതികളിലേക്ക് തിരിച്ചു വന്നു” എന്നാണ് രവി കിഷന്‍ പറയുന്നത്.