അഭിനയം ഞാന്‍ നിര്‍ത്തി, ജീവിക്കാനായി ഞാന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ആയി, സുശാന്തിന്റെ മരണത്തിന് പിന്നാലെ സംഭവിച്ചത്..; തുറന്നു പറഞ്ഞ് റിയ ചക്രബര്‍ത്തി

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഏറെ പഴികേട്ടത് നടന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കാണ്. നടിയെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കടുത്ത സൈബര്‍ ആക്രമണങ്ങളും നടിക്കെതിരെ നടന്നിരുന്നു.

നിലവില്‍ സിനിമ ഉപേക്ഷിച്ച്, മോട്ടിവേഷണല്‍ സ്പീക്കര്‍ ആയി ജോലി ചെയ്യുകയാണ് റിയ ചക്രബത്തി. സുശാന്തിന്റെ മരണശേഷമുള്ള സമയത്തെ തന്റെ ജീവിതത്തിന്റെ ചാപ്റ്റര്‍ 2 എന്നാണ് റിയ വിശേഷിപ്പിക്കുന്നത്. റിയ അവതാരകയായ പോഡ്കാസ്റ്റ് ഷോയില്‍ നടി സുസ്മിത സെന്‍ അതിഥിയായി എത്തിയപ്പോഴാണ് റിയ സംസാരിച്ചത്.

”ജീവിക്കാനായി ഞാനെന്ത് ചെയ്യുന്നു എന്ന് ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ട്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. മറ്റു ചില കാര്യങ്ങള്‍ ചെയ്യുന്നു. ഉപജീവനത്തിനുള്ള പണത്തിനായി മോട്ടിവേഷണല്‍ സ്പീക്കറായി ജോലി ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തിലെ ഒന്നാം അധ്യായം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം.”

”വ്യത്യസ്തമായ വികാരങ്ങള്‍ അനുഭവിക്കുന്നതിന്റെ ഒരുപാട് ഘട്ടങ്ങളിലൂടെ ഞാന്‍ കടന്നുപോയി. എന്റെ തന്നെ വ്യത്യസ്തമായ പതിപ്പുകളായിരുന്നു അവ. ഒടുവില്‍ ഒരു പുനര്‍ജന്മം എന്നപോലെ, എന്റെ പുത്തന്‍ പതിപ്പ് പോലെ എനിക്ക് അനുഭവപ്പെട്ടു.”

”ജീവിതത്തില്‍ രണ്ടാം അധ്യായമുള്ള ആരുമായെങ്കിലും അതൊന്നാഘോഷിക്കണമെന്ന് എനിക്ക് തോന്നി. ജീവിതത്തില്‍ രണ്ടാം അധ്യായമുള്ളത് പ്രശ്‌നമുള്ള കാര്യമല്ലെന്ന് പറയണമെന്ന് തോന്നി. എനിക്ക് മാറ്റം ആഘോഷിക്കണം” എന്നാണ് റിയ ചക്രബര്‍ത്തി പറയുന്നത്.

Read more