ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മേക്ക് മൈ ട്രിപ്പിനും എയര്‍ ഇന്ത്യക്കുമെതിരെ നടി റിച്ച ഛദ്ദ.മേക്ക് മൈ ട്രിപ്പിന്റെയും എയര്‍ ഇന്ത്യയുടെയും സേവനങ്ങളെ വിമര്‍ശിച്ചാണ് റിച്ച രംഗത്തെത്തിയിരിക്കുന്നത്. ഈ കമ്പനികള്‍ വളരെ തരംതാണതാണെന്നും ഏറ്റവും വലിയ നഷ്ടം സംഭവിക്കുമെന്നും അതിനാല്‍ ഇത് ഫോളോ ചെയ്യരുതെന്നും റിച്ച എക്‌സില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി.
തന്നെ ഫോളോ ചെയ്യുന്നവര്‍ക്ക് മുന്‍കരുതല്‍ നല്‍കിക്കൊണ്ടാണ് റിച്ചയുടെ പോസ്റ്റ്. സ്‌കാം അലേര്‍ട്ട് എന്ന വാക്കുകളോടെയാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ”നിലവാരമില്ലാത്ത എയര്‍ലൈനുകള്‍ക്ക് പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം, അറിയിപ്പ് നല്‍കാതെ ഫ്‌ലൈറ്റുകള്‍ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്യുന്നതാണ്.”
”മേക്ക് മൈ ട്രിപ് പോലുള്ള പോര്‍ട്ടലുകളും ഇതിന് കൂടെ നില്‍ക്കും. അവര്‍ റീഫണ്ട് ക്ലെയിം ചെയ്യാനുള്ള ഓപ്ഷനുകളും ഇല്ലെന്ന് ഉറപ്പാക്കും. നിങ്ങളുടെ ബുക്കിംഗ് ഐഡി തന്നെ കാണില്ല. എയര്‍ ഇന്ത്യയിലെ പരുഷമായ കസ്റ്റമര്‍ കെയര്‍ സര്‍വീസ് ബിസിനസ് ക്ലാസ് ടിക്കറ്റിന്റെ യാത്രാക്കൂലി പോക്കറ്റിലാക്കും.”
”അവസാന നിമിഷം സമയമാറ്റം വരുത്തിയതിനോ അഹങ്കാരത്തോടെ പെരുമാറിയതിനോ മാപ്പ് പോലും ചോദിക്കില്ല. നിങ്ങള്‍ എല്ലാവരും 2024ല്‍ ഒരു കാര്യം ചെയ്യുക, ഈ രണ്ട് അഴിമതിക്കാരായ സേവനങ്ങളുടെ വേണ്ടെന്ന് വയ്ക്കുക…” എന്നിങ്ങനെയാണ് റിച്ച ഛദ്ദയുടെ കുറിപ്പ്. ഇതിനൊപ്പം ബ്ലാക്ക് ലിസ്റ്റ് എയര്‍ ഇന്ത്യ, ബ്ലാക്ക് ലിസ്റ്റ് മേക്ക് മൈ ട്രിപ്പ് എന്ന ഹാഷ്ടാഗുകളും നടി നല്‍കിയിട്ടുണ്ട്.
റിച്ചയുടെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ തങ്ങളുടെ വിശദീകരണവുമായി മേക്ക് മൈ ട്രിപ്പ് രംഗത്തെത്തിയിട്ടുണ്ട്. ബുക്കിംഗ് ഐഡി അടക്കം തന്നാല്‍ പറ്റാവുന്നത് പോലെ സഹായിക്കാം എന്നാണ് മേക്ക് മൈ ട്രിപ്പിന്റെ എക്‌സ് പോസ്റ്റ്. ഇതിനും മറുപടിയുമായി റിച്ച രംഗത്തെത്തി.
”നിങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയൊന്നുമല്ല ഈ ചെയ്യുന്നത്. ഞാന്‍ എന്റെ ഫോണില്‍ നിന്നും ഈ വിലകുറഞ്ഞ ആപ്പ് കളഞ്ഞു. ഇന്ത്യയില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ ഞാന്‍ എന്റെ ഫോളോവേഴ്‌സിനോട് ആവശ്യപ്പെടും” എന്നാണ് റിച്ച പറയുന്നത്.